കൊച്ചി: രക്താർബുദം ബാധിച്ച ഏഴ് വയസുകാരൻ ശ്രീനന്ദന് വേണ്ടി കൈകോർക്കാൻ നടൻ മോഹൻലാലും.ശ്രീനന്ദന് സഹായം അഭ്യർത്ഥിച്ച് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തി. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രഞ്ജിത്ത്-ആശ ദമ്പതിമാരുടെ മകൻ ശ്രീനന്ദനാണ് അപൂർവ്വങ്ങളിൽ അപൂർവ്വ രോഗവുമായി ആശുപത്രിയിൽ കഴിയുന്നത്.
ശരീരം രക്തം ഉൽപ്പാദിപ്പിക്കാത്തത് കൊണ്ട് രക്തം മാറ്റിവച്ചാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്.രക്തമൂലകോശം മാറ്റിവയ്ക്കുക എന്നതാണ് ഏക വഴി.അതിനായി രക്തകോശവുമായി സാമ്യമുള്ള ഒരു ദാതാവിനെ കണ്ടെത്തേണ്ടതുണ്ട്.എന്നാൽ ഇത് ലക്ഷത്തിൽ ഒന്നു മാത്രമേ ഉണ്ടാവൂ.ഇതിനായി ഒരു ദാതാവിനെ തേടുകയാണ് കുടുംബം. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ശ്രീനന്ദന് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഈ ക്യാംപെയിനിന്റെ ഭാഗമായിരിക്കുകയാണ് മോഹൻലാലും.
മാർച്ച് 25 ന് തിരുവനന്തപുരം എജെി സെൻററിനോട് ചേർന്നിരിക്കുന്ന ഹസൻ മരയ്ക്കാർ ഹാളിൽ വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താൻ ഒരു ക്യാമ്പ് നടത്തുന്നുണ്ട്. ദാതാവിനെ കണ്ടെത്താൻ എല്ലാവരുടെയും സഹായം തേടുകയാണ്. രാവിലെ 9.30നും 5.30 നും ഇടയിൽ 15 നും -50 വയസിനും ഇടയിലുളള പ്രായമുള്ള ഏത് ബ്ലഡ് ഗ്രൂപ്പിൽ പെട്ടയാൾക്കും ഈ ക്യാമ്പിലെത്തി ജനിതക സാമ്യം പരിശോധിക്കാവുന്നതാണെന്ന് നടൻ വ്യക്തമാക്കി ശ്രീനന്ദന്റെ ജീവൻ രക്ഷപ്പെടുത്താനുള്ള കൂട്ടായ്മയിൽ എല്ലാവർക്കും കൈകോർക്കാമെന്നും നടൻ കുറിച്ചു.
Comments