പാട്‌ന: ബിഹാറിൽ വികാസ്ഷീൽ ഇൻസാൻ പാർട്ടിയിൽ നിന്നുള്ള മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ബിജെപി, ജെഡിയു, എച്ച്എഎം എന്നിവരുൾപ്പെടുന്ന എൻഡിഎ സഖ്യകക്ഷിയാണ് വികാസ്ഷീൽ ഇൻസാൻ പാർട്ടി(വിഐപി). രാജു സിംഗ്, മിശ്രി ലാൽ യാദവ്, സ്വർണ സിംഗ് എന്നീ എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. വികാസ്ഷീൽ ഇൻസാൻ പാർട്ടിയ്‌ക്ക് ആകെ ഉണ്ടായിരുന്ന മൂന്ന് എംഎൽഎമാരാണ് ഇപ്പോൾ പാർട്ടി വിട്ടത്.
ഇതോടെ ബിഹാറിൽ ബിജെപി എംഎൽഎമാരുടെ എണ്ണം 77 ആയി ഉയർന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയാണ് ബിജെപി. 75 അംഗങ്ങളുമായി ആർജെഡിയാണ് രണ്ടാം സ്ഥാനത്ത്. ജെഡിയുവിന് 45 എംഎൽഎമാരും, കോൺഗ്രസിന് 19ഉം ഇടത് പാർട്ടികൾക്ക് 15 എംഎൽഎമാരുമാണുള്ളത്.
ബിഹാറിൽ സഖ്യമുണ്ടെങ്കിലും ഉത്തർപ്രദേശിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ മുകേഷ് സഹാനിയുടെ നേതൃത്വത്തിലുള്ള വിഐപി ബിജെപിക്കെതിരെ 57 സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും വിഐപി ബിജെപിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്.
















Comments