ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളെ നിരന്തരം പരിഹസിക്കുന്നത് നിർത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വിവേക് അഗ്നിഹോത്രി ചിത്രം ദ കശ്മീർ ഫയൽസ് യുട്യൂബിൽ ഇടണമെന്ന് പരിഹസിച്ച അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളുടെ മുറിവുകളിൽ ഉപ്പ് പുരട്ടുകയാണ് കെജ്രിവാൾ ചെയ്യുന്നതെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
കശ്മീർ ഫയൽസ് നികുതി രഹിതമാക്കാൻ താത്പര്യമില്ലെങ്കിൽ ചെയ്യരുത്. എന്നാൽ കശ്മീരി പണ്ഡിറ്റുകളെ നിരന്തരം കളിയാക്കുന്നതും പരിഹസിക്കുന്നതും കെജ്രിവാൾ നിർത്തണമെന്നാണ് ഹിമന്ത പറഞ്ഞത്. പ്രീണന രാഷ്‌ട്രീയത്തിന്റെ ഫലമാണ് ഇത്തരം കാഴ്‌ച്ചപ്പാടുകൾ. ഇത് ഒരു മുഖ്യമന്ത്രിയ്‌ക്ക് ചേർന്ന പ്രവണതയല്ലെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഹിമന്തയുടെ പ്രതികരണം.
എല്ലാവരും സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ചിത്രത്തിന്റെ പതിപ്പ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് അരവിന്ദ് കെജ്രിവാൾ പരിഹസിച്ചത്. അപ്പോൾ അത് എല്ലാവർക്കും സൗജന്യമായി ലഭ്യമാകുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. കശ്മീർ ഫയൽസിനെ പരിഹസിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
മാർച്ച് 11നാണ് കശ്മീർ ഫയൽസ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ കുറിച്ചാണ് ചിത്രം പറയുന്നത്. യഥാർത്ഥ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന, അസം, ത്രിപുര തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ ചിത്രത്തെ നികുതി രഹിതമാക്കി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇതിനെതിരെ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എത്തിയത്.
















Comments