ന്യൂഡൽഹി : മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭഭായ് പട്ടേൽ രാജ്യത്തിന് വേണ്ടി നൽകിയ സംഭാവനകൾ ഓർത്തെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ കാരണമായ സർദാർ പട്ടേലിന് നന്ദിയറിയിക്കുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 കാലഘട്ടം ഓർക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതിന് സർദാർ വല്ലഭഭായ് പട്ടേലിനോട് നാം ഏറെ കടപ്പെട്ടിരിക്കുന്നു. ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ സംഭാവനകൾ പറയാൻ വാക്കുകൾ മതിയാകില്ല എന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
സ്വാമി വിവേകാന്ദന്റെ ആദർശങ്ങളിൽ നിന്നും യുവാക്കൾ പ്രചോദനം ഉൾക്കൊളളണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്ത് നിരീശ്വരവാദികളിൽ ഏറിയതും മതവിശ്വാസികളാണ്. അതിനാൽ സ്വാമി വിവേകാനന്ദന്റെ ആദർശങ്ങളിൽ നിന്നും നമുക്ക് നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിക്കും. വിജ്ഞാനം എന്നത് നാനാത്വത്തിനിടയിൽ ഏകത്വം കണ്ടെത്താനുള്ള ശ്രമമാണെന്ന് വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് എന്നും ആരിഫ് മുഹമ്മദ് ഖാൻ ഓർമ്മിപ്പിച്ചു.
എല്ലാ കാലഘട്ടത്തിലേയും മഹാനായ നായകനാണ് ശ്രീരാമൻ. അതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയും. എല്ലാവരേയും ഉൾക്കൊളളുകയും മനസിലാക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചതിലൂടെ സാമൂഹിക ഐക്യത്തിന്റെ ഉത്തമ ഉദാഹരണം എന്താണെന്ന് അദ്ദേഹം നമുക്ക് കാണിച്ച് തന്നുവെന്നും ഗവർണർ വ്യക്തമാക്കി.
Comments