ആലപ്പുഴ : കെ-റെയിൽ ബോധവത്കരണത്തിനിറങ്ങിയ സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തകരെ നാട്ടുകാർ ആട്ടിപ്പായിച്ചതിന് പിന്നാലെ പ്രചാരണത്തിനായി നേരിട്ട് രംഗത്ത് ഇറങ്ങി മന്ത്രി സജി ചെറിയാൻ. സ്വന്തം മണ്ഡലമായ ചെങ്ങന്നൂരിലാണ് മന്ത്രി വീടുകൾ തോറും കയറി ഇറങ്ങി പ്രചാരണം നടത്തുന്നത്. നേരത്തെ ചെങ്ങന്നൂരിൽ ബോധവത്കരണത്തിനെത്തിയ സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നാട്ടുകാരിൽ നിന്നുള്ള രൂക്ഷമായ പ്രതികരണത്തെ തുടർന്ന് തിരിച്ച് പോകേണ്ടിവന്നിരുന്നു.
രാവിലെയോടെയാണ് മന്ത്രിയുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ ആരംഭിച്ചത്. കുഴുവല്ലൂരിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പിഴുതെറിഞ്ഞ സർവ്വേ കല്ലുകൾ പുന:സ്ഥാപിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ബോധവത്കരണം ആരംഭിച്ചത്. മാദ്ധ്യമങ്ങളെ അറിയിക്കാതെയായിരുന്നു മന്ത്രി പ്രചാരണങ്ങൾക്ക് എത്തിയത്. പണം അക്കൗണ്ടിൽ എത്തിയതിന് ശേഷം മാത്രം വീടൊഴിഞ്ഞാൽ മതിയെന്നാണ് മന്ത്രി സമരക്കാർക്ക് നൽകിയിരിക്കുന്ന ആനുകൂല്യം.
ഏറ്റവും കൂടുതൽ പ്രതിഷേധമുണ്ടായ മേഖലകളിൽ പോലും ആളുകൾ ശാന്തരായതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആളുകളുടെ ആശങ്കകൾ തീർന്നു. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിച്ചു. ഇപ്പോൾ അവർക്ക് ആശങ്കയില്ലെന്നും മന്ത്രി പ്രതികരിച്ചു.
എന്നാൽ മന്ത്രിമാർ തങ്ങളെ കണ്ടിട്ടുപോലുമില്ലെന്ന് കുഴുവല്ലൂരിലെ പ്രദേശവാസികൾ വ്യക്തമമാക്കി. ഞങ്ങളോട് സംസാരിക്കാതെ എങ്ങനെ പ്രതിഷേധം അവസാനിപ്പിക്കും. മന്ത്രിമാരോ മന്ത്രിമാരുടെ ആളുകളോ തങ്ങളെ കണ്ടിട്ടില്ല. പരിഹാരം കാണാമെന്ന് പറഞ്ഞിട്ടില്ല. ഒഴിഞ്ഞ് പോകാൻ സമ്മതമല്ല. അങ്ങനെ ചെയ്യണമെങ്കിൽ വേറെ സ്ഥലം വാങ്ങിച്ച് വീടുവെച്ചുതരണം അല്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും നാട്ടുകാർ അറിയിച്ചു.
















Comments