ഏറെ ആരാധകരുള്ള യുവതാരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇന്നലെ പെപ്പെയെ കാണണം എന്ന് പറഞ്ഞ് കരയുന്ന ഒരു കുട്ടി ആരാധകന്റെ വീഡിയോ താരം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. തന്നെ കാണാൻ വാശിപിടിച്ച് കരഞ്ഞ ഇമ്രാൻ ഷിഹാബ് എന്ന കുഞ്ഞിനൊപ്പമുള്ള ചിത്രമാണ് താരം ഇന്ന് പങ്കുവെച്ചത്.
‘ഇന്നലെ കരഞ്ഞ ഇമ്രാൻ ഷിഹാബ് ധാ ഇന്ന് ഫുൾ ഹാപ്പിയായി ‘ലൈല’യുടെ സെറ്റിൽ എത്തിയിട്ടുണ്ട്…നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്…കൊണ്ടുവന്നില്ലേൽ അവൻ മിക്കവാറും വീട്ടിൽ അജഗജാന്തരത്തിലെ ലാലിയാകും’ എന്ന അടികുറിപ്പോടെയാണ് കുട്ടി ആരാധകനൊത്തുള്ള ചിത്രം പെപ്പെ പങ്കുവെച്ചത്.
കുഞ്ഞാരാധകൻ തന്നെ കാണണം എന്ന് പറഞ്ഞ് വാശിപിടിച്ച് കരയുന്ന വീഡിയോ പെപ്പെ ഇന്നലെ പങ്കുവെച്ചിരുന്നു. ‘ഇന്നലെ ഷൂട്ട് കഴിഞ്ഞു പോകാൻ നിക്കുമ്പോൾ, കുറച്ചു മാറി ഇവനെ ഞാൻ കണ്ടതാണ്. പക്ഷെ അടുത്തേക്ക് എത്താൻ പറ്റാത്തകാരണമാണ് മാറി നിന്നതെന്ന് അറിഞ്ഞില്ല…എന്തായാലും ആലപ്പുഴയിൽ നിന്ന് പോകുന്നതിന് മുൻപ് കണ്ടിട്ടേ ഞാൻ പോകൂ..’ എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്. പെപ്പെ വരും മോനെ കരയാതെ എന്ന് കുട്ടിയുടെ അമ്മയും അച്ഛനും പറയുന്നത് വീഡിയോയിൽ കേൾക്കാം.
തന്റെ ആരാധകന്റെ ആഗ്രഹം നിറവേറ്റി സമൂഹമാദ്ധ്യമങ്ങളിൽ കൈയ്യടി നേടിയിരിക്കുകയാണ് പെപ്പെ. താരത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
Comments