സിദ്ദിപ്പേട്ട്: തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ നൂറിലധികം തെരുവ് നായ്‌ക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ മൃഗസംരക്ഷണ പ്രവർത്തകനായ ഗൗതം എന്നയാൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.
സിദ്ദിപേട്ട് ജില്ലയിലെ ജഗദേവ്പൂർ മേഖലയിലെ തിഗുൽ ഗ്രാമത്തിലാണ് നായ്‌ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. ഗ്രാമത്തിലെ സർപഞ്ചും പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് പ്രൊഫഷൽ നായ പിടുത്തക്കാരെ ഉപയോഗിച്ച് തെരുവുനായ്‌ക്കളെ വിഷം കുത്തിവച്ച് കൊന്നുവെന്നാണ് ഗൗതമിന്റെ പരാതിയിൽ ആരോപിക്കുന്നത്.
നായ്‌ക്കളുടെ ശവശരീരങ്ങൾ കൂട്ടത്തോടെ കുഴിയിൽ ഇട്ടിരിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ സിദ്ദിപേട്ട് കളക്ടർക്കും സിദ്ദിപേട്ട് പോലീസ് കമ്മീഷണർക്കും പരാതി നൽകിയതായും ഗ്രാമ സർപഞ്ചിനും സെക്രട്ടറിക്കുമെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടതായും മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
Comments