ബംഗളൂരു :കർണാടകയിൽ ഹിജാബിന്റെ പേരിൽ വീണ്ടും പരീക്ഷാ ബഹിഷ്‌കരണം. പത്താം ക്ലാസ് വിദ്യാർത്ഥിനികൾ പരീക്ഷ എഴുതാതെ തിരികെ വീട്ടിലേക്ക് മടങ്ങി. ബംഗളൂരുവിലെ അനേക്കൽ താലൂക്കിലെ നിത്യാനന്ദ സ്വാമി സ്‌കൂളിലെ 11 വിദ്യാർത്ഥിനികളാണ് പരീക്ഷ എഴുതാതെ മടങ്ങിയത്.
ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ കഴിയില്ലെന്ന അറിയിപ്പ് പുറപ്പെടുവിച്ചിട്ടും വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചാണ് വിദ്യാലയത്തിൽ എത്തിയത്. പരീക്ഷാ ഹാളിലേക്ക് കയറാൻ ശ്രമിച്ച ഇവരെ സ്‌കൂൾ അധികൃതർ തടഞ്ഞു. തുടർന്ന് ഹിജാബ് അഴിച്ച് പരീക്ഷ എഴുതാൻ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹിജാബില്ലാതെ പരീക്ഷ എഴുതില്ലെന്ന് വിദ്യാർത്ഥിനികൾ വാശി പിടിച്ചു. ഹാളിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ കർശനമായി പറഞ്ഞതോടെ പ്രതിഷേധമെന്ന നിലയിൽ പരീക്ഷ എഴുതാതെ വിദ്യാർത്ഥിനികൾ മടങ്ങുകയായിരുന്നു.
ഈ വിദ്യാർത്ഥിനികൾ തിങ്കളാഴ്ച ഹിജാബ് ധരിക്കാതെയാണ് പരീക്ഷ എഴുതിയത്. ഹിജാബ് ധരിച്ചാണ് ഇവർ സ്‌കൂളിൽ എത്തിയത് എങ്കിലും അദ്ധ്യാപകർ അറിയിച്ചതിനെ തുടർന്ന് ഹിജാബ് അഴിച്ച് പരീക്ഷ എഴുതുകയായിരുന്നു. എന്നാൽ ഇന്ന് ഇവർ പ്രതിഷേധവുമായി എത്തിയതിന് പിന്നിൽ ചില വർഗ്ഗീയ ശക്തികളുടെ ഇടപെടൽ മൂലമാണെന്നാണ് അദ്ധ്യാപകർ സംശയിക്കുന്നത്.
Comments