മലപ്പുറം: മഞ്ചേരിയിൽ വെട്ടേറ്റ നഗരസഭാംഗം മരിച്ചു. മുസ്ലിം ലീഗ് നേതാവ് തലാപ്പിൽ അബ്ദുൾ ജലീലാണ് വെട്ടേറ്റ് ചികിത്സയിൽ കഴിയവേ മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ജലീലിന് വെട്ടെറ്റത്.
വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പയ്യനാട് വച്ചായിരുന്നു ആക്രമണം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ജലീലിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിയന്തിര ശസ്ത്രക്രിയ്‌ക്കും വിധേയമാക്കി. എന്നാൽ വൈകിട്ട് ഏഴരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമിച്ചതെന്നാണ് വിവരം. ആക്രമണ സമയത്ത് ജലീൽ കാറിലായിരുന്നു ഉണ്ടായിരുന്നത്. ബൈക്കിലെത്തിയ അക്രമി സംഘം ഹെൽമെറ്റ് എറിഞ്ഞ് കാറിന്റെ ചില്ലുകൾ ആദ്യം തകർത്തു. ഇതോടെ കാറിൽ നിന്നും പുറത്തിറങ്ങിയ ജലീലിനെ വാളെടുത്ത് വെട്ടുകയായിരുന്നു.
പ്രതികളെ പോലീസ് തിരിച്ചറിഞ്ഞുവെന്നാണ് വിവരം. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.
Comments