സ്വന്തം സിനിമയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് സംവിധാകൻ എസ്എസ് രാജമൗലി. വൻ ഹിറ്റായ ബാഹുബലി നേടിയ റെക്കോർഡ് നേട്ടത്തെ ഒരാഴ്ച കൊണ്ട് മറികടന്നിരിക്കുകയാണ് ആർആർആർ എന്നാണ് റിപ്പോർട്ട്. ബാഹുബലിയുടെ ഹിന്ദി പതിപ്പിനെ മറികടന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ട്രേഡ് അനലിസ്റ്റായ തരൺ ആദർശാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ബോക്‌സ് ഓഫീസിൽ 100 കോടി ക്ലബിൽ ഏറ്റവും വേഗതയിൽ ഇടംപിടിച്ച പടമെന്ന നേട്ടവും ആർആർആറിന് സ്വന്തമാണ്. ആദ്യം ദിവസം തന്നെ 250 കോടി കളക്ഷൻ ആർആർആർ നേടിയെന്നാണ് റിപ്പോർട്ട്. മൂന്ന് ദിവസം കൊണ്ട് ബോക്‌സ് ഓഫീസിൽ 500 കോടി രൂപ കളക്ഷനാണ് ആർആർആർ നേടിയത്. ആഗോളതലത്തിലെ കണക്കാണിത്.
ടോളിവുഡിലെ തന്നെ ഏറ്റവും താരമൂല്യമുള്ള അഭിനേതാക്കളായ ജൂനിയർ എൻടി ആറും രാം ചരണുമാണ് ആർആർആറിലെ പ്രധാന അഭിനേതാക്കൾ. അല്ലൂരി സീതാരാമ രാജുവിനെയും കോമരം ഭീമിനെയുമാണ് ഇരുവരും അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയ പറയുന്ന ചിത്രം ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് തിയേറ്ററുകളിൽ മുന്നേറുന്നത്.
Comments