ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് ദേശീയ കൗൺസിൽ ചർച്ച ചെയ്യാനിരിക്കെ കനത്ത തിരിച്ചടി നേരിട്ട് ഇമ്രാൻ ഖാൻ സർക്കാർ. ഇമ്രാന്റെ കേവല ഭൂരിപക്ഷം നഷ്ടമായി. സഖ്യകക്ഷിയായിരുന്ന മുത്താഹിദാ ക്വാമി മൂവ്‌മെന്റ് പാർട്ടിയുടെ ഏഴ് എംപിമാരും പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. അഞ്ച് അംഗങ്ങളുള്ള ബലോചിസ്താൻ ആവാമി പാർട്ടിയും ഇമ്രാൻ ഖാനുള്ള പിന്തുണ പിൻവലിച്ചിരുന്നു.
342 അംഗ പാകിസ്താൻ ദേശീയ അസംബ്ലിയിൽ കേവല ഭൂരിപക്ഷത്തിന് 172 സീറ്റുകളാണ് ആവശ്യം. ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രിക് ഇ ഇൻസാഫിന് അഞ്ച് ഘടകകക്ഷികളും ചേർന്ന് 178 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ വിവിധ കക്ഷികൾ പിന്തുണ പിൻവലിച്ചതോടെ ഇമ്രാൻ ഖാൻ സർക്കാരിന്റെ നിലവിലെ സീറ്റ് 166 ആയി. 162 സീറ്റുള്ള പ്രതിപക്ഷത്തിന് ഇപ്പോൾ 174 സീറ്റുമായി. ഈ സാഹചര്യത്തിൽ ഇമ്രാൻ ഖാൻ സർക്കാർ വീഴുമെന്ന് ഉറപ്പായി.
അതേസമയം ഇമ്രാൻ ഖാന് അസംബ്ലിയിൽ ഭൂരിപക്ഷം നഷ്ടമായെന്നും പ്രതിപക്ഷ നേതാവ് ഷഹ്ബാസ് ഷെരീഫ് ഉടൻ പ്രധാനമന്ത്രിയാകുമെന്നും പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി അറിയിച്ചു. മുൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ് ഷെരീഫ്. ഇമ്രാൻ ഖാന് ഇനി ഒരു അവസരം നൽകില്ലെന്നും രാജിവെച്ച് പുറത്ത് പോകണമെന്നും ബിലാവൽ പറഞ്ഞു.
ദേശീയ അസംബ്ലിയിൽ പ്രതിപക്ഷ നേതാവാണ് ഷഹ്ബാസ് ഷരീഫ്. നേരത്തെ രണ്ട് തവണ പാക് പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം. ഇമ്രാൻ ഖാനെതിരെ അഴിമതി, സാമ്പത്തിക പ്രതിസന്ധി, നാണയപെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ഇമ്രാൻ ഖാന്റെ പാർട്ടിയിലെ ചില അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചിരുന്നു. സൈന്യത്തിന്റെ പിന്തുണ നഷ്ടമായതും ഇമ്രാൻ ഖാന് തിരിച്ചടിയായിരുന്നു.
















Comments