വാഷിംഗ്ടൺ; ഓസ്കർ പുരസ്കാര വിതരണത്തിനിടെ ഹോളിവുഡ് നടൻ വിൽ സ്മിത്ത് മുഖത്തടിച്ച അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് ക്ഷമ ചോദിച്ച് ഓസ്കർ അക്കാദമി. വേദിയിൽ അനുഭവിച്ചതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് കാണിച്ച സഹിഷ്ണുതയിൽ നന്ദിയുണ്ട് എന്നും വാർത്താകുറിപ്പിലൂടെ അക്കാദമി വ്യക്തമാക്കി. സംഭവത്തിൽ വിൽ സ്മിത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അക്കാദമി പറഞ്ഞു.
സംഭവത്തിൽ അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസ് വിൽ സ്മിത്തിനോട് വിശദീകരണം തേടിയിരുന്നു. ഏപ്രിൽ 18 യോഗം ചേർന്ന് സംഭവത്തിൽ നടപടിയെടുക്കും. വിൽ സ്മിത്തിന് വിലക്ക് ഏർപ്പെടുത്തുമെന്നാണ് സൂചന. ഓസ്കർ വേദിയിലെ സംഭവത്തിന് ശേഷം പുറത്ത് പോകാൻ വിൽസ്മിത്തിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പോയിരുന്നില്ല.
ഭാര്യ ജാദ പിക്കറ്റിന്റെ ഹെയർ സ്റ്റൈലിനെ ക്രിസ് റോക്ക് കളിയാക്കിയതായിരുന്നു വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. വേദിയിലേക്ക് കടന്നു വന്ന വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. വിൽസ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്കർ വേദിയെ ഞെട്ടിച്ചിട്ടിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായ വിൽ സ്മിത്ത് എത്തിയിരുന്നു.
അതേസമയം ക്രിസ് റോക്കിന്റെ വരാനിരിക്കുന്ന സ്റ്റാൻഡ് അപ്പ് ഷോയുടെ ടിക്കറ്റ് വിൽപ്പന കുതിച്ചുയരുകയാണെന്നാണ് റിപ്പോർട്ട്.പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഓൺലൈൻ ടിക്കറ്റ് വിൽപ്പന ശാലയായ ടിക്കറ്റ് പിക്കിൽ ഈഗോ ഡെത്ത് വേൾഡ് ടൂർന്’ കഴിഞ്ഞ മാസം വിറ്റതിലും കൂടുതൽ ടിക്കറ്റുകൾ ഒറ്റരാത്രികൊണ്ട് വിറ്റഴിഞ്ഞുവെന്നാണ് വിവരം.
ടിക്കറ്റിന്റെ എണ്ണമല്ല ഇവിടെ വിഷയം, വിലയിൽ ഉണ്ടായ കുതിച്ചുചാട്ടമാണ് ആളുകളുടെ കണ്ണ് തള്ളിപ്പിച്ചത്. മാർച്ച് 18 വരെ ഒരു ടിക്കറ്റിന് 46 യുഎസ് ഡോളർ ഉണ്ടായിരുന്ന ഇത് 341 ഡോളറായാണ് ഉയർന്നത്
Comments