ബംഗളൂരു : മൈസൂർ കടുവയെന്ന ടിപ്പു സുൽത്താനെക്കുറിച്ചുള്ള വിശേഷണം പാഠപുസ്തകത്തിൽ നിന്നും എടുത്തുമാറ്റാൻ വിദ്യാഭ്യാസ വകുപ്പ്. വിശേഷണത്തിന് തെളിവുകൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ആണ് ഇക്കാര്യം അറിയിച്ചത്.
ടിപ്പു സുൽത്താനെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നും നീക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി. ടിപ്പു സുൽത്താനെക്കുറിച്ചുള്ള ഭാവനകളാണ് പുസ്തകത്തിൽ നിന്നും നീക്കം ചെയ്യുന്നത്. കുട്ടികളെ യഥാർത്ഥ ചരിത്രമാണ് പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. മൈസൂർ കടുവ എന്ന വിശേഷണത്തിന് എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അത് പരിശോധിച്ച ശേഷമേ ഈ പരാമർശം ഉൾപ്പെടുത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ടിപ്പുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കഴിഞ്ഞ ദിവസം ബിജെപി നേതാവ് അപ്പാച്ചു രഞ്ജൻ രംഗത്ത് വന്നിരുന്നു. ടിപ്പു സുൽത്താൻ കടുവയല്ല മറിച്ച് എലിയാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിന് പിന്നാലെയാണ് ഈ വിശേഷണം നീക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. ടിപ്പുവിനെക്കുറിച്ചുള്ള പരാമർശങ്ങൾ വെട്ടിച്ചുരുക്കാൻ പാഠപുസ്തക പരിഷ്‌കാര സമിതിയും തീരുമാനിച്ചിട്ടുണ്ട്.
















Comments