ഗുവാഹത്തി: രാജ്യസഭയിലെ രണ്ട് സീറ്റുകളിലേക്കായി അസമിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് നഷ്ടമായി. ബിജെപിയാണ് ഈ സീറ്റിൽ വിജയിച്ചത്. മറ്റൊരു സീറ്റിൽ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തുന്നതിൽ കോൺഗ്രസിന്റെ എംഎൽഎയായ സിദ്ദിഖ് അഹമ്മദിന് സംഭവിച്ച പിഴവ് മൂലമാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് സീറ്റ് നഷ്ടമായത്. ബാലറ്റ് പേപ്പറിൽ ‘1’ എന്നതിന് പകരം ‘വൺ’ എന്ന് സിദ്ദിഖ് അഹമ്മദ് എഴുതിയതാണ് വിനയായത്. സംഭവത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വം എംഎൽഎയെ സസ്‌പെൻഡ് ചെയ്തു. ഒരു വോട്ട് പാഴാക്കിയെന്നാരോപിച്ചാണ് സിദ്ദിഖിനെ സസ്‌പെൻഡ് ചെയ്തത്.
പാർട്ടി സ്ഥാനാർത്ഥിയായിരുന്ന റിപുൺ ഖോറയ്‌ക്കാണ് സിദ്ദിഖിന്റെ പിഴവ് മൂലം സ്ഥാനം നഷ്ടമായത്. സിദ്ദിഖ് അഹമ്മദിനെതിരെ കോൺഗ്രസ് നേതൃത്വം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ആദ്യ സീറ്റിൽ ബിജെപി സ്ഥാനാർഥി പബിത്ര മാർഗരിത എതിരില്ലാതെ വിജയിച്ചു. രണ്ടാമത്തെ സീറ്റിലേക്കാണ് മത്സരം ഉണ്ടായിരുന്നത്.
സഖ്യകക്ഷിയായ യുപിപിഎലിന്റെ സ്ഥാനാർത്ഥി റൂങ്വ നർസാരിയെ ബിജെപി പിന്തുണച്ചു. റിപുൻ ബോറയായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ പിന്തുണയും ബോറയ്‌ക്ക് ഉണ്ടായിരുന്നു. 43 വോട്ടുകളാണ് ഈ സീറ്റിലേക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ വോട്ട് രേഖപ്പെടുത്തിയതിലെ അപാകത മൂലം ഒരു സീറ്റ് നഷ്ടപ്പെട്ടുവെന്നാണ് കോൺഗ്രസും പറയുന്നത്.
















Comments