ന്യൂഡൽഹി: ഇന്ത്യയിൽ പാരമ്പര്യേതര ഊർജ്ജരംഗത്ത് വൻ കുതിപ്പെന്നും വാഹന വിപണിയിൽ ഇല്ട്രിക് വാഹനങ്ങൾ തരംഗമാകുന്നുവെന്നും കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്ത് ഇതുവരെ പത്തുലക്ഷത്തിലധികം വൈദ്യുത വാഹനങ്ങൾ നിരത്തിലറങ്ങിയെന്നും രാജ്യത്താകമാനം 1742 ചാർജ്ജിംഗ് സ്റ്റേഷനുകളും നിലവിൽ പ്രവർത്തിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലോക്സഭയിൽ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു ഗഡ്കരി.
ഈ വർഷം മാർച്ച് 25-ാം തിയതി വരെയുള്ള വാഹന രജിസ്ട്രേഷൻ കണക്കുകൾ നിരത്തിയാണ് ഗഡ്കരി മറുപടി നൽകിയത്. ഇതുവരെ 10,76,420 വൈദ്യുതി വാഹനങ്ങളാണ് രജിസറ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. പൊതു സ്ഥലങ്ങളിലെ ചാർജ്ജിംഗ് സ്റ്റേഷനുകളുടെ എണ്ണം 1742 ആയെന്നും ഗഡ്കരി പറഞ്ഞു. വാഹൻ4 ഡാറ്റയുടേയും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി കണക്കുകളും ഉദ്ധരിച്ചാണ് കേന്ദ്രമന്ത്രി ലോക്സഭയിൽ മറുപടി നൽകിയത്.
രാജ്യത്തെ 40 ലക്ഷത്തിന് മുകളിൽ ജനസഖ്യയുള്ള മഹാനഗരങ്ങളായ മുംബൈ, ഡൽഹി, ബംഗളൂരു, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, സൂറത്ത്, പൂനെ എന്നിവിടങ്ങളിൽ കൂടുതൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ അതിവേഗം സ്ഥാപിക്കുമെന്നും അതാത് ജില്ലാഭരണകൂടങ്ങൾക്കും വൈദ്യുത വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
എല്ലാ ദേശീയ പാതകളിലും വൈദ്യുതി ചാർജ്ജിംഗ് കേന്ദ്രങ്ങൾക്ക് സ്ഥലം വിട്ടുനൽകും. നിലവിൽ 16 ദേശീയ പാതകളിൽ അനുമതിയായി. ദേശീയപാത വികസന അതോറിറ്റി നേരിട്ട് കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
Comments