ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക തദ്ദേശീയ സാങ്കേതിക വിദ്യയായ ‘കവച്’ ഡൽഹി-മുംബൈ, ഡൽഹി-ഹൗറ ഇടനാഴികളിലായി നടപ്പിലാക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം. രാജ്യസഭയിൽ ബിജെപി എംപി ബ്രിജ് ലാലിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. കവച് സാങ്കേതിക വിദ്യ എപ്പോൾ നടപ്പിലാക്കും എന്ന ചോദ്യത്തിനാണ് അശ്വിനി വൈഷ്ണവിന്റെ ഉത്തരം.
‘ദക്ഷിണ-സെൻട്രൽ റെയിൽവേ, 2022 ഫെബ്രുവരി 28 വരെ, 1,098 റൂട്ട് കിലോമീറ്ററിലാണ് ഈ സാങ്കേതിക വിദ്യ നടപ്പിലാക്കിയത്. കൂടാതെ കവച് 3,009 റൂട്ട് കിലോമീറ്ററിലേയ്‌ക്ക് കൂടി നടപ്പാക്കാൻ പദ്ധതിയുണ്ട്. ഡൽഹി-മുംബൈ, ഡൽഹി-ഹൗറ ഇടനാഴികളിൽ വൈകാതെ കവച് നടപ്പിലാക്കും’ അശ്വിനി വൈഷ്ണവ് മറുപടി നൽകി.
കവചിന്റെ വിവിധ സവിശേഷതകളെ കുറിച്ചും മന്ത്രി രാജ്യസഭയിൽ പരാമർശിച്ചു. അമിത വേഗത തടയൽ, സെക്ഷൻ സ്പീഡ്, ട്രെയ്ൻ സ്പീഡ്, പെർമനന്റ് സ്പീഡ് എന്നിവയുടെ നിയന്ത്രണം. ലൂപ്പ് ലൈൻ സ്പീഡ് നിയന്ത്രണം. രണ്ട് ട്രെയിനുകളിൽ ഇത് ഉപയോഗിക്കുമ്പോൾ, ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനം പ്രവർത്തനം ആരംഭിക്കും. ഇത് ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയും. റേഡിയോ കമ്മ്യൂണിക്കേഷൻ, മൈക്രോപ്രൊസസ്സർ, ഗ്ലോബ് പൊസിഷനിംഗ് സിസ്റ്റം ടെക്‌നോളജി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആന്റി-കൊളിഷൻ ഉപകരണ ശൃംഖലയാണ് കവച് എന്നും മന്ത്രി വിശദീകരിച്ചു.
സൗത്ത് സെൻട്രൽ റെയിൽവേയുടെ ലിംഗംപൈലി-വാഡി, വികാരാബാദ്-ബീദർ എന്നിവിടങ്ങളിൽ 2017 ഒക്ടോബറിൽ കവചിന്റെ സമ്പൂർണ ബ്ലോക്ക് സെക്ഷൻ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. കൂടാതെ, നോർത്ത് സെൻട്രൽ റെയിൽവേയുടെ മഥുര-ആഗ്ര സെക്ഷനിൽ 2018 ഒക്ടോബറിൽ കവചിന്റെ 160 കിലോമീറ്റർ വേഗത്തിലുള്ള പരീക്ഷണം ആരംഭിച്ചിരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
















Comments