ചൈനയിലും തെക്ക് കിഴക്കൻ ഏഷ്യയിലുമായി ആർക്കും തിരിച്ചറിയാനാകാത്ത നിരവധി തരം വവ്വാലുകൾ ഉണ്ടെന്ന് പുതിയ പഠനം. 40 ശതമാനത്തോളം വവ്വാലുകളുടെ(horseshoe bats) സ്വഭാവം എന്താണെന്ന് ഇനിയും മനസിലായിട്ടില്ല. ഇത് പുതിയ വൈറസുകൾ പടരുന്നതിന് കാരണമാകുമെന്നാണ് പഠനം പറയുന്നത്. 11 വ്യത്യസ്ത സ്പീഷീസിലുള്ള തിരിച്ചറിയപ്പെടാത്ത 44 തരത്തിലുള്ള വവ്വാലുകൾ ഉണ്ടെന്ന് ഗവേഷകർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഗൂഢസ്വഭാവമുള്ള റിനോലോഫിഡേ സ്പീഷീസിനുള്ള വവ്വാലുകളെയാണ് ഇനിയും പഠിക്കേണ്ടതായുള്ളത്. യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിലേയും ചൈനീസ് അക്കാദമി ഓഫ് സയൻസിലേയും ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിലാണ് തിരിച്ചറിയാത്ത വൗവ്വാലുകളെ കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. ഈ വവ്വാലുകളെ കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്ന് ഗവേഷകർ പറയുന്നു.
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യതയുള്ള വൈറസുകളുടെ കേന്ദ്രമാണ് കുതിരയുടെ കാലിന് സമാനമായ രൂപമുള്ള വവ്വാലിനുള്ളതെന്നും പഠനം വ്യക്തമാക്കുന്നു. കൊറോണ വൈറസിന് കാരണമായ വൈറസും ഇവയിൽ ഉൾപ്പെടുന്നുണ്ട്. വവ്വാലുകളുടെ സ്പീഷീസുകളെ പറ്റി വ്യക്തമായ പഠനം നടത്തിയാൽ ലോകത്ത് ഏത് മേഖലയിലാണ് മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യതയുള്ള വൈറസുകൾ കൂടുതലുള്ളതെന്ന് കണ്ടെത്താനാകുമെന്നും പഠനം വ്യക്തമാക്കുന്നു.
കൊറോണ വൈറസിന് കാരണമായ വവ്വാലുകളെ കൂടുതൽ പരിശോധനയ്‌ക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ്. സാർസ് കോവ് 2 വൈറസിനോട് ഏറ്റവും സാമ്യമുള്ള വൈറസിനെ തെക്കുകിഴക്കൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ കണ്ടെത്തിയിട്ടുള്ളതായി പഠനം പറയുന്നു. റിനോലോഫിഡെ അഫിനിസ് എന്ന സ്പീഷീസിലാണ് ഈ വവ്വാലുകൾ രൂപപ്പെടുന്നത്.
2015നും 2020നും ഇടയിലുള്ള കാലഘട്ടത്തിൽ തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും തെക്കൻ ചൈനയിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള വവ്വാലുകളെ പിടിച്ചെടുത്താണ് ഗവേഷകർ പഠനം നടത്തിയിട്ടുള്ളത്. വവ്വാലുകളുടെ മൂക്ക്, ത്വക്ക്, ചിറക് എന്നിവയുടെ ചിത്രങ്ങളെടുത്തും പഠനം നടത്തി, മൂക്കിന്റേയും ചിറകിന്റേയും വലിപ്പവും പ്രത്യേകതകളും മനസിലാക്കി ജനിതക വ്യത്യാസങ്ങൾ തിരിച്ചറിയാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
Comments