ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വലിയ വർധന. മാർച്ചിൽ 1,42,095 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി രാജ്യത്തിന് ലഭിച്ചത്.
കഴിഞ്ഞ ജനുവരി മാസവുമായി താരതമ്യം ചെയ്യുമ്പോൾ റെക്കോർഡ് വർധനയാണ് ജിഎസ്ടി വരുമാനത്തിൽ ഉണ്ടായതെന്നാണ് വിലയിരുത്തൽ. 1,40,986 കോടി രൂപയായിരുന്നു ജനുവരിയിലെ വരുമാനം. ഏകദേശം 15 ശതമാനത്തിലധികം വർധനവാണ് മാർച്ച് മാസമാകുമ്പോഴേക്കും ഉണ്ടായത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് 46 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ടെന്നും ധനമന്ത്രാലയം വിലയിരുത്തുന്നു. ചരക്ക് ഇറക്കുമതി 25 ശതമാനം വർധിച്ചിട്ടുണ്ടെന്നും ആഭ്യന്തര ഇടപാടുകൾ 11 ശതമാനം ഉയർന്നതായും ധനമന്ത്രാലയം അറിയിച്ചു.
1,42,095 കോടി വരുമാനത്തിൽ 25,830 കോടി രൂപ കേന്ദ്രത്തിന് ലഭിച്ച ജിഎസ്ടിയും 32,378 കോടി രൂപ സംസ്ഥാനങ്ങൾക്ക് ലഭിച്ച ജിഎസ്ടിയുമാണ്. ശേഷിക്കുന്നത് ഇന്റഗ്രേറ്റഡ് ജിഎസ്ടി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
ഏറ്റവുമധികം ജിഎസ്ടി കളക്ഷൻ (20,305 കോടി രൂപ) ലഭിച്ച സംസ്ഥാനം മഹാരാഷ്‌ട്രയാണ്. തൊട്ടുപിറകിൽ (9,158 കോടി രൂപ) ഗുജറാത്തും, കർണാടകയും (8,750 കോടി രൂപ), തമിഴ്‌നാടും (8,023 കോടി രൂപ) സ്ഥാനം പിടിച്ചു. 6,654 കോടി രൂപ ഹരിയാനയും 6,620 കോടി രൂപ ഉത്തർപ്രദേശും ജിഎസ്ടി വരുമാനം നേടി. കൊറോണയെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തിൽ നിന്നും രാജ്യം മുക്തി നേടിയെന്നാണ് ജിഎസ്ടി വരുമാന വർധന സൂചിപ്പിക്കുന്നത്.
Comments