ന്യൂഡൽഹി: ‘ലോട്ടറി രാജാവ്’ എന്നറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലോട്ടറി അഴിമതി കേസിൽ 409.92 കോടി രൂപയുടെ സ്വത്തുക്കളാണ് താൽകാലികമായി കണ്ടുകെട്ടിയത്.
ലോട്ടറികൾ അച്ചടിച്ചും വിൽപന നടത്തിയും സാന്റിയാഗോ മാർട്ടിൻ പണിതുയർത്തിയ ഫ്യൂച്ചർ ഗെയിമിംഗ് & ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പ്രധാനമായും ഇഡി കണ്ടുകെട്ടിയത്. ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
ഇന്ത്യയ്‌ക്ക് പുറത്തായിരുന്നു സാന്റിയാഗോ മാർട്ടിൻ ആദ്യം ബിസിനസ് ആരംഭിക്കുന്നത്. രാജ്യത്ത് മടങ്ങിയെത്തിയതിന് ശേഷം 1988-ൽ തമിഴ്‌നാട്ടിൽ ബിസിനസ് ആരംഭിച്ചു. സാവധാനം കർണാടകയിലേക്കും കേരളത്തിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. എന്നാൽ 2003ൽ തമിഴ്‌നാട് സർക്കാർ ലോട്ടറി നിരോധിച്ചതിനെ തുടർന്ന് മാർട്ടിന് തന്റെ ലോട്ടറി ബിസിനസ് തമിഴ്നാടിന് പുറത്തേക്ക് മാത്രമാക്കേണ്ടി വന്നിരുന്നു.
പിന്നീട് സിക്കിം, നാഗാലാൻഡ് എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്ന ലോട്ടറിയുടെ പേരിൽ മാർട്ടിൻ വ്യാപകമായി തട്ടിപ്പ് നടത്തിയെന്നാണ് വിവരം. നികുതി വെട്ടിപ്പ് നടത്തിയും വിറ്റഴിയാത്ത ടിക്കറ്റുകൾക്ക് സമ്മാനം നൽകിയുമെല്ലാം തട്ടിപ്പ് നടന്നുവെന്നാണ് റിപ്പോർട്ട്. നിലവിൽ മാർട്ടിനെതിരെ കൊൽക്കത്ത പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി നടപടിയെടുത്തത്.
ഇതിനിടെ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി സാന്റിയാഗോ മാർട്ടിനിന്റെ മക്കളിൽ നിന്നും അമ്പത് ലക്ഷത്തിന്റെ നാല് ചെക്കുകളായി രണ്ട് കോടി രൂപ നിക്ഷേപം കൈപറ്റിയത് വിവാദമായിരുന്നു. ബോണ്ട് എന്ന പേരിലാണ് ഇത് കൈപറ്റിയത്. ഇ.പി ജയരാജൻ ജനറൽ മാനേജർ ആയിരുന്നുപ്പോഴാണ് വിവാദം. പിന്നീട് ഇ.പി ജയരാജൻ സ്ഥാനം ഒഴിഞ്ഞ് പി. ജയരാജൻ ഏറ്റെടുക്കുകയായിരുന്നു. ബോണ്ട് എന്ന വാദം പിന്നീട് സിപിഎം നേതൃത്വവും ദേശാഭിമാനിയും നിരാകരിച്ചു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോണ്ട് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഇതിൽ പാലിക്കപ്പെട്ടിരുന്നില്ല എന്നതാണ് കാരണം. ദേശാഭിമാനി ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്ന വേണുഗോപാലാണ് ബോണ്ട് വിവാദം പുറത്ത് കൊണ്ടുവന്നതെന്ന് സൂചനയുണ്ട്. എകെജിയുടെ ബന്ധുവായിരുന്ന വേണുഗോപാൽ പാർട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി രേഖകൾ ഒരു പ്രമുഖ പത്രത്തിന് ചോർത്തി നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പാർട്ടി നേതാക്കൾ തന്നെ അനൗദ്യാഗികമായി സമ്മതിച്ചിട്ടുണ്ട്. ഒടുവിൽ മാർട്ടിന് വാങ്ങിയ പണം തിരികെ നൽകിയാണ് ദേശാഭിമാനിയും സിപിഎമ്മും നാണക്കേടിൽ നിന്ന് തലയൂരിയത്.
Comments