ഇടുക്കി: കൊറോണയെ തുടർന്ന് ലോക്ക്ഡൗൺ നേരിട്ട കാലയളവിൽ ശൈശവ വിവാഹങ്ങൾ വർധിച്ചതായി റിപ്പോർട്ട്. ഇടുക്കിയിലെ തോട്ടം മേഖലകളിലാണ് പ്രധാനമായും ശൈശവ വിവാഹങ്ങൾ സംഭവിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. നെടുങ്കണ്ടം, ഉടുമ്പൻചോല പ്രദേശങ്ങളിൽ മാത്രം ഏഴ് വിവാഹങ്ങൾ നടന്നിട്ടുണ്ടെന്നാണ് വിവരം.
വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ശൈശവ വിവാഹങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ശിശുക്ഷേമ സമിതി യൂണിറ്റിനെ ഇന്റലിജൻസ് എഡിജിപി നിർദേശിച്ചു.
ഇടുക്കിയിലെ നെടുങ്കണ്ടം മുതൽ പൂപ്പാറ വരെയുള്ള ഭാഗത്ത് 14, 15 വയസുള്ള പെൺകുട്ടികളെയാണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. പാറത്തോട്, ഉടുമ്പൻചോല, പൂപ്പാറ എന്നിവിടങ്ങളിലാണ് അധികവും. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചും ചൈൽഡ് ലൈനും ആദ്യം ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഇന്റലിജൻസ് എഡിജിപി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ആർ. സന്തോഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകൾ ഉള്ളത്.
ലോക്ക്ഡൗൺ കാലയളവിൽ സ്‌കൂളുകൾ പൂട്ടിയതിനാൽ മേഖലയിലെ കുട്ടികൾ തോട്ടം തൊഴിലുകൾക്ക് പോയിരുന്നു. ആദ്യം ജോലിക്ക് അയച്ച മാതാപിതാക്കൾ പിന്നീട് ഇവരെ വിവാഹം കഴിപ്പിച്ച് വിടുകയായിരുന്നു. 24-30 പ്രായപരിധിയിലുള്ള പുരുഷൻമാരാണ് കുട്ടികളെ വിവാഹം കഴിച്ചിരിക്കുന്നത്.
പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ചാണ് കല്യാണം നടത്തിയതെന്നും കണ്ടെത്തലുണ്ട്. വിവാഹം നടത്തി ആഴ്ചകൾക്ക് ശേഷമാണ് കേരളത്തിലേക്ക് തിരികെയെത്തിക്കുക. കുട്ടിയുടെ പിതാവിനും ഭർത്താവിനുമെതിരെ കേസെടുക്കുന്നതും അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്നതും പെൺകുട്ടിയുടെ ജീവിതത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നും ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Comments