ഇസ്ലാമാബാദ്: ഭരണപ്രതിസന്ധിയും പ്രതിപക്ഷത്തിന്റെ നിരന്തര സമ്മർദ്ദവും നിലനിൽക്കേ സുപ്രീംകോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് പാകിസ്താൻ. പാർലമെന്റ് പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനുളള പ്രസിഡന്റ് ആരിഫ് ആൽവിയുടെ തീരുമാനം കോടതി വിധിയെ അനുസരിച്ചാകും നിലനിൽക്കുക. രാജ്യത്തെ ഭരണ പ്രതിസന്ധിയിൽ ആശങ്കയിലായ ജനങ്ങളും സുപ്രീംകോടതി വിധിയെ ഉദ്വേഗത്തോടെയാണ് കാത്തിരിക്കുന്നത്.
ഇന്നലെ വിധി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഇടക്കാല ഉത്തരവിന് വിസമ്മതിച്ച കോടതി ഇന്ന് വിധി പ്രസ്താവിക്കാനായി മാറ്റുകയായിരുന്നു. അതിനിടെ വിഷയത്തിൽ തീരുമാനമെടുക്കാതെ കോടതിയും മരവിച്ചു നിൽക്കുകയാണെന്നും വിമർശനം ഉയർന്നു. താൽക്കാലികമായി ഭരണ നേതൃത്വം കൈമാറുക എന്ന ഒരു തീരുമാനത്തിനപ്പുറം നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ എന്ത് ചെയ്യണം എന്നതിൽ സുപ്രീംകോടതിക്ക് വ്യക്തമായ ഉത്തരമില്ല.
അവിശ്വാസപ്രമേയം ചർച്ചയ്‌ക്കിരിക്കെ ഭൂരിപക്ഷം നഷ്ടമാകുമെന്ന് ഉറപ്പായ അവസ്ഥയിലാണ് അവിശ്വാസ പ്രമേയം തളളിക്കളഞ്ഞ് പ്രസിഡന്റിനെ ഉപയോഗിച്ച് ഇമ്രാൻ ഖാൻ പാർലമെന്റ് പിരിച്ചുവിടാനുളള തീരുമാനം പ്രഖ്യാപിച്ചത്. ഇതിന്റെ നിയമസാധുതയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമർ അത്ത ബാന്ദിയാൽ ഭരണകക്ഷിയുടെ പക്ഷത്താണെന്നും പ്രതിപക്ഷമായ പാകിസ്താൻ പീപ്പിൾസ് പാർട്ടി അഭിഭാഷകൻ ഫറൂഖ് നായേകിന്റെ ഹർജി പോലും സ്വീകരിക്കാൻ തയ്യാറാകാത്തത് ഗൂഢലക്ഷ്യമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
പാർലമെന്റ് പിരിച്ചുവിട്ട നടപടി അനീതിയാണെന്നും അത് റദ്ദാക്കാൻ സുപ്രീംകോടതിക്ക് നിമിഷനേരം മതിയെന്നുമാണ് പ്രതിപക്ഷ അഭിഭാഷകർ പറയുന്നത്. പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അഭ്യർത്ഥന മാനിച്ച് പ്രസിഡന്റ് അരിഫ് അൽവി പാർലമെന്റ് പിരിച്ചുവിട്ടങ്കിലും തിരഞ്ഞടുപ്പാണോ അഭികാമ്യം എന്നതും ഉറപ്പാക്കിയിട്ടില്ല. ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുളള അഞ്ചംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പാർലമെന്റിന്റെ അധോസഭ വിളിച്ചു ചേർത്ത് ഇമ്രാന്റെ ഭരണത്തിൽ അവിശ്വാസം രേഖപ്പെടുത്താനുളള പഴുത് ഇപ്പോഴും ഉണ്ടെന്ന് പാകിസ്താനിലെ ഭരണഘടനാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വന്നാൽ പ്രതിപക്ഷത്തിന് സ്വന്തം പ്രധാനമന്ത്രിയെ തൽക്കാലത്തേക്ക് നിയോഗിക്കാം.
തിരഞ്ഞെടുപ്പ് നടക്കുന്ന 2023 ഓഗസ്റ്റ് വരെയാകും ഈ പ്രധാനമന്ത്രിയുടെ കാലാവധി. ഡെപ്യൂട്ടി സ്പീക്കർ അപ്രതീക്ഷിതമായിട്ടാണ് അവിശ്വാസപ്രമേയം വോട്ടെടുപ്പ് സാധ്യമല്ല എന്നറിയിച്ചത്. അതിന് പിന്നാലെയാണ് പാർലമെന്റ് തന്നെ പിരിച്ചുവിട്ടുള്ള നടപടിയിലേക്ക് ഇമ്രാൻഖാൻ കടന്നത്. ഇമ്രാൻഖാന് പകരം തെഹരീകെ പാർട്ടിയിലെ മറ്റൊരാളെ പ്രധാനമന്ത്രിയാക്കണോ അതോ പ്രതിപക്ഷത്തിനെ ഭരണനേതൃത്വം ഏറ്റെടുക്കാൻ വിളിക്കണോ എന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം ആയിട്ടില്ല.
















Comments