തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ എത്തി തേങ്ങയുടച്ച് ശശി തരൂർ എംപി. സുഹൃത്തായ അച്യുത മേനോന്റെ വഴിപാട് പ്രകാരമാണ് അദ്ദേഹം പഴവങ്ങാടി ക്ഷേത്രത്തിൽ എത്തി തേങ്ങയുടച്ചത്. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
പഴവങ്ങാടി ക്ഷേത്രത്തിലെ വഴിപാട് പൂർത്തിയാക്കിയ ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. ‘അഭ്യുദയകാംക്ഷിയും, സുഹൃത്തുമായി ശ്രീ അച്യുതൻ മേനോന്റെ വഴിപാട് പ്രകാരം പഴവങ്ങാടി അമ്പലത്തിൽ 101 തേങ്ങ ഉടച്ചു, തുടർന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി’ ശശി തരൂർ എംപി ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ പ്രസിദ്ധമായ ഗണിപതി ക്ഷേത്രങ്ങളിൽ ഒന്നാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം. ദിനവും നിരവധി ഭക്തരാണ്, സകല വിഘ്നങ്ങളും നീക്കം ചെയ്യുന്ന ഗണപതി ഭഗവാന് നാളികേരം ഉടയ്‌ക്കാൻ എത്തുന്നത്. അത്രയധികം വലിപ്പമില്ലാത്ത ക്ഷേത്രമാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം. ദൂരെ നിന്ന് നോക്കിയാൽ പോലും ഗണപതി ഭഗവാന്റെ മനോഹരരൂപം ദർശിക്കാൻ സാധ്യമാണ്.
കേരളത്തിലെ ഏറ്റവും പേരുകേട്ട ഗണപതിക്ഷേത്രങ്ങളിലൊന്നാണിത്. വലതുകാൽ മടക്കിവച്ച്, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിലിരിയ്‌ക്കുന്ന ഗണപതിഭഗവാനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഉപദേവതകളായി അയ്യപ്പൻ, ദുർഗ്ഗാഭഗവതി, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. വിനായക ചതുർത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷം. കേരളത്തിൽ, ഏറ്റവും വിപുലമായി വിനായക ചതുർത്ഥി ആഘോഷിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്.
Comments