ലോകത്തിലെ ഏറ്റവും തണുപ്പ് കൂടിയ പ്രദേശങ്ങളിലൊന്നാണ് അന്റാർട്ടിക്ക. മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഈ പ്രദേശത്ത് മനുഷ്യവാസം വളരെ കുറവാണ്. ഇവിടെ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിലേക്ക് ജോലിക്കാരെ തിരയുകയാണ് ഒരു ബ്രിട്ടീഷ് ചാരിറ്റി. യുകെ അൻാർട്ടിക്ക ഹെറിറ്റേജ് ട്രസ്റ്റിന് കീഴിലുള്ള പോസ്റ്റ് ഓഫീസിലേക്കും, അവിടെയുള്ള ഗിഫ്റ്റ് ഷോപ്പിലെ മാനേജർ, ജനറൽ അസിസ്റ്റന്റ് തസ്തികകളിലേക്കുമാണ് ആളെ തേടുന്നത്. 2022 നവംബർ മുതൽ 2023 മാർച്ച് വരെയുള്ള അഞ്ച് മാസത്തേക്കാണ് നിയമനം ലഭിക്കുന്നത്. പ്രതിമാസം 1.5ത്തിലധികം രൂപയാണ് ജോലിക്കെത്തുന്നവര്‍ക്ക് ശമ്പളമായി ലഭിക്കുക
അന്റാർട്ടിക്കയിലെ വേനൽക്കാലമാണ് ഈ സമയം. ഈ സമയം താപനില 50 ഡിഗ്രി ഫാരൻഹീറ്റ് വരെ എത്തിയേക്കാം. എങ്കിലും വലിയ തോതിൽ തണുത്ത കാറ്റ് എപ്പോഴും ഇവിടെ വീശിയടിച്ചു കൊണ്ടിരിക്കും. ബ്രിട്ടീഷ് അന്റാർട്ടിക് ടെറിട്ടറി ഗവൺമെന്റിന്റെ കീഴിലാണ് ഈ തപാൽ ഓഫീസ് വരുന്നത്. ബ്രിട്ടീഷ് താവളമായിരുന്ന ഇവിടെ 2006ന് ശേഷമാണ് പോസ്റ്റ് ഓഫീസായും മ്യൂസിയമായും ഉപയോഗിക്കാൻ തുടങ്ങിയത്. സീസൺ സമയങ്ങളിൽ 80,000 കത്തിടപാടുകൾ വരെ ഇവിടെ നടക്കാറുണ്ടെന്നാണ് വിവരം. പെൻഗ്വിൻ സംരക്ഷണത്തിന്റെ ഭാഗമായി പെൻഗ്വിനുകളുടെ എണ്ണം എടുക്കുക, ഗിഫ്റ്റ് ഷോപ്പിന്റേയും പോസ്റ്റ് ഓഫീസിന്റേയും എല്ലാ കാര്യങ്ങളും നോക്കുക തുടങ്ങിയവയാണ് ഇവിടെയെത്തുന്ന ജീവനക്കാരുടെ പ്രധാന ജോലികൾ. ജോലിയുടെ അവസാനഘട്ടത്തിൽ ഒരു റിപ്പോർട്ടും സമർപ്പിക്കണം.
അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ ലഭിക്കുകയുള്ളുവെങ്കിലും, സുഖപ്രദമായ ജോലിയായിരിക്കുമെന്നാണ് ട്രസ്റ്റിന്റെ വാഗ്ദാനം. അതേസമയം വൈദ്യുതിയുടെ ലഭ്യത വളരെ പരിമിതമായ തോതിൽ മാത്രമായിരിക്കും. ടാപ്പ് വെള്ളം, ഇന്റർനെറ്റ് സേവനങ്ങൾ ഒന്നും ലഭിക്കില്ല. ഏപ്രിൽ 25 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തിയതി. എന്നാൽ അപേക്ഷിക്കുന്നവർക്ക് യുകെയിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഈ ഒക്ടോബറിൽ ഒരാഴ്ചത്തെ പരിശീലനവും നൽകും.
Comments