പാലക്കാട് : സംസ്ഥാനത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. ഒലവക്കോട് ബൈക്ക് മോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഒലവക്കോട് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലിന് സമീപത്തുവെച്ചാണ് ആൾക്കൂട്ട മർദ്ദനം ഉണ്ടായത്. മുണ്ടൂർ കുമ്മാട്ടി കാണാനായി എത്തിയവരാണ് യുവാവിനെ മർദ്ദിച്ചത്. കുമ്മാട്ടി കാണാൻ എത്തിയ ഇവർ മദ്യപിക്കുന്നതിനായി ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു.
മദ്യപിച്ച് തിരിച്ചിറങ്ങിയപ്പോൾ ഹോട്ടലിന് മുൻപിൽ ബൈക്ക് കാണാനില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നും റഫീഖിന് സമാനമായ രീതിയിൽ വസ്ത്രം ധരിച്ചയാൾ ബൈക്ക് എടുത്തു കൊണ്ടു പോകുന്നത് കാണുകയായിരുന്നു. തുടർന്ന് റഫീഖിനെ ചോദ്യം ചെയ്തു. ബൈക്ക് എടുത്തിട്ടില്ലെന്ന് പറഞ്ഞതോടെ മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ട്. ഇവരെ ഉടനെ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു. റഫീഖിനെതിരെ മോഷണ കുറ്റം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബൈക്ക് മോഷ്ടിച്ചത് റഫീഖ് തന്നെയാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
















Comments