തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി പ്ലാൻ ഫണ്ടിൽ നിന്നും സർക്കാർ അനുവദിച്ച 48 കോടി രൂപ പാഴാക്കി കെഎസ്ആർടിസി. സമയബന്ധിതമായി ട്രഷറി ബില്ല് സമർപ്പിക്കാത്തതാണ് ഫണ്ട് നഷ്ടമാകാൻ കാരണം. ഫിനാൻസ്-സിവിൽ വിഭാഗങ്ങളുടെ കെടുകാര്യസ്ഥതയാണ് ഇതിന് പിന്നിലെന്ന് ബിഎംഎസ് ആരോപിച്ചു.
നിലനിൽപ്പിനായി സർക്കാരിനോട് നിരന്തരം കേഴുന്ന കോർപ്പറേഷനാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ലഭിച്ച ഫണ്ട് നഷ്ടപ്പെടുത്തിയത്. വിവിധ ആവശ്യങ്ങൾക്കായിട്ടായിരുന്നു സർക്കാർ 48 കോടി രൂപ അനുവദിച്ചിരുന്നത്. ഇടതുവലതു യൂണിയനുകൾ നടത്തിയ 48 മണിക്കൂർ പണിമുടക്കും മാർച്ച് 30ന് പണിമുടക്കാലസ്യത്തെ തുടർന്ന് സമയബന്ധിതമായി ബില്ല് ട്രഷറിയിൽ സമർപ്പിക്കാത്തതുമാണ് ഫണ്ട് നഷ്ടമാകാൻ കാരണം.
വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് തൊഴിലാളി സംഘടനയായ ബിഎംഎസ് ആരോപിച്ചു. പ്ലാൻ ഫണ്ട് നഷ്ടപ്പെടുത്തിയത് കെഎസ്ആർടിസിയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോയെന്നും തൊഴിലാളികൾ സംശയിക്കുന്നുണ്ട്. അതേസമയം കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നും കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
Comments