മുംബൈ: പുറത്തിറങ്ങിയ നാൾ മുതൽ ഡിസൈൻ, പ്രവർത്തനം, സുരക്ഷ എന്നിവയുടെ കാര്യത്തിൽ കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എക്‌സ് യുവി 700. വാഹനം ഉപയോഗിക്കുന്ന ആളുകളിൽ നിന്നും മികച്ച അഭിപ്രായമാണ് അനുദിനം എക്‌സ് യുവി 700 നേടിക്കൊണ്ടിരിക്കുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുത്തൻ ലോഗോയിൽ പുറത്തിറങ്ങിയ ആദ്യ വാഹനമെന്ന പ്രത്യേകത കൂടിയുണ്ട് ഈ എസ് യുവിക്ക്. എന്നാൽ, എല്ലായ്‌പ്പോഴും പ്രശംസകൾ ഏറ്റുവാങ്ങിയ വാഹനത്തിന് ഒരു തിരിച്ചടി ലഭിച്ചിരിക്കുകയാണ്.
വാഹനം വാങ്ങി മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ, മുൻവശത്തെ ലോഗോയിലും പിന്നിലുള്ള 700 എന്ന എഴുതിയ ഭാഗത്തും തുരുമ്പ് പിടിക്കുന്നുവെന്നാണ് ഒരു ഉപഭോക്താവിന്റെ പരാതി. വാഹനം ഇതുവരെ സാധാരണ വെള്ളത്തിൽ കഴുകിയിട്ടില്ലെന്നും, എല്ലായിപ്പോഴും ഷോറൂം സർവ്വീസാണ് ചെയ്യുന്നതെന്നും ഉടമ പറയുന്നു. എന്നിട്ടും തുരുമ്പ് പിടിക്കുന്നത് ലോഗോ നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുവിന്റെ നിലവാരമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്ന് ഉടമ പറയുന്നു.
കാറുകളുടെ സ്‌ക്രൂവിലും, നട്ടിലും, ബോൾട്ടിലുമെല്ലാം തുരുമ്പ് പിടിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ അൽപം പഴകിയാൽ മാത്രമേ ഇത്തരത്തിൽ സംഭവിക്കാറുള്ളൂ. മേടിച്ച് 3 മാസത്തിനുള്ളിൽ തുരുമ്പ് പിടിക്കുന്നത് വാഹനത്തിന്റെ നിലവാരത്തിനേറ്റ ക്ഷതമാണ്. മഹീന്ദ്ര ഇതുടൻ പരിഹരിക്കണമെന്നും ഉടമ ആവശ്യപ്പെട്ടു.
താൻ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും, കമ്പനിയ്‌ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ധാരാളം വാഹനങ്ങൾ ഇതിന് മുൻപ് ഉപയോഗിച്ചിട്ടുണ്ടെന്നും ഇത്തരത്തിലൊരു ദുരനുഭവം ഇതാദ്യമാണെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു. തുരുമ്പ് എടുത്ത ലോഗോയുടെ ചിത്രങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
















Comments