ഇസ്ലാമാബാദ്: നാളുകൾ നീണ്ട രാഷ്‌ട്രീയ നാടകങ്ങൾക്കും പ്രതിസന്ധികൾക്കുമൊടുവിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികാരത്തിൽ നിന്നും പുറത്ത്. പരമാവധി നീട്ടിക്കൊണ്ടുപോയ അവിശ്വാസ വോട്ടെടുപ്പ് അർദ്ധരാത്രി നീണ്ടും നടന്നതോടെ ഇമ്രാൻ ഖാന് ഔദ്യോഗിക വസതി ഒഴിഞ്ഞുനൽകേണ്ടി വന്നു.
ഭരണകക്ഷി അംഗങ്ങൾ പലരും വോട്ടെടുപ്പിൽ വിട്ടുനിന്നെങ്കിലും 342 അംഗ ദേശീയ അസംബ്ലിയിൽ 174 വോട്ടുകൾ നേടി അവിശ്വാസം പാസായി. 172 വോട്ടുകളാണ് വേണ്ടിയിരുന്നത്. വോട്ടെടുപ്പിൽ തോറ്റ് മിനിറ്റുകൾക്കകം തന്നെ പാക് പ്രധാനമന്ത്രി ഔദ്യോഗിക വസതി ഒഴിയുകയായിരുന്നു. അടുത്തതായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പ്രതിപക്ഷ നേതാവുമായ ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി കോടതി ഉത്തരവ് പ്രകാരം ഇന്നലെ രാവിലെ തന്നെ സഭ ചേർന്നെങ്കിലും നടപടികൾ പരമാവധി നീട്ടിവെക്കുകയായിരുന്നു. രാത്രി വരെ വലിച്ചുനീട്ടിയതിന് ശേഷവും സഭാ സ്പീക്കർ വോട്ടെടുപ്പ് അനുവദിച്ചില്ല. ഇതിനിടെ അടിയന്തിര ക്യാബിനറ്റ് യോഗവും ഇമ്രാൻ ഖാൻ വിളിച്ച് ചേർത്തിരുന്നു. രാജിവെക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതിന് ശേഷമാണ് മന്ത്രിസഭാ യോഗം പിരിഞ്ഞത്.
വോട്ടെടുപ്പിന് തൊട്ടുമുമ്പ് തന്നെ ദേശീയ അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചു. തുടർന്ന് ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് സഭാ നടപടികൾ പൂർത്തീകരിച്ചത്. സഭാ സ്പീക്കർ വോട്ടെടുപ്പ് നടത്താൻ അനുവദിക്കാതെ വന്ന ഘട്ടത്തിൽ സുപ്രീം കോടതി ഇടപെടലുണ്ടായി. അർദ്ധരാത്രി പ്രത്യേക സിറ്റിങ് നടത്തുകയും ഒടുവിൽ കോടതി ഉത്തരവിൽ വീണ്ടും വോട്ടെടുപ്പ് നടപടികൾ പുനരാരംഭിക്കുകയായിരുന്നു. രാവിലെ പത്തര മുതൽ ഏകദേശം 14 മണിക്കൂറോളം നീണ്ട ഇമ്രാന്റെ രാഷ്‌ട്രീയ തന്ത്രമാണ് കോടതി ഇടപെടലിൽ പാളിപ്പോയത്.
നാല് തവണ സഭ നിർത്തിവെച്ചും ഇമ്രാൻ ഖാന്റെ പാർട്ടി അംഗങ്ങൾ നീണ്ട പ്രസംഗങ്ങൾ നടത്തിയും സഭാ സ്പീക്കർ കൂറുകാണിക്കാൻ ശ്രമിച്ചും വോട്ടെടുപ്പ് നടത്താതിരിക്കാൻ പരമാവധി നോക്കിയെങ്കിലും ഒടുവിൽ പാക് പ്രധാനമന്ത്രി പുറത്താകുകയായിരുന്നു.
















Comments