ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഭാര്യയെ മുത്വലാഖ് ചൊല്ലിയ ശേഷം വീട്ടിൽ നിന്നും പുറത്താക്കി. ഇൻഡോർ സ്വദേശിനിയായ സാഹിദ ബായിയെ ആണ് ഭർത്താവ് മുഹമ്മദ് ഖാലിദ് ഖുറേഷി മുത്വലാഖ് ചൊല്ലിയ ശേഷം വീട്ടിൽ നിന്നും ഇറക്കിവിട്ടത് . സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പ്രദേശത്ത് ഇറച്ചിക്കട നടത്തിവരികയാണ് ഖുറേഷി. അടുത്തിടെ ഖുറേഷിയ്‌ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി സാഹിദ കണ്ടെത്തി. ഈ ബന്ധത്തിൽ നിന്നും പിൻമാറണമെന്ന് ഖുറേഷിയോട് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ബന്ധത്തിൽ നിന്നും പിന്മാറാൻ സാഹിദ ഖുറേഷിയെ നിർബന്ധിച്ചു. എന്നാൽ ഖുറേഷി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതി സ്വന്തം വീട്ടിൽ വിവരം അറിയിച്ചു. യുവതിയുടെ വീട്ടുകാർ ചോദ്യം ചെയ്യാൻ എത്തിയപ്പോഴായിരുന്നു ഇയാൾ മുത്വലാഖ് ചൊല്ലിയത്.
20 വർഷങ്ങൾക്ക് മുൻപായിരുന്നു സാഹിദയും ഖുറേഷിയും തമ്മിലുള്ള വിവാഹം. ഇവർക്ക് 15 ഉം 18 ഉം വയസ്സുള്ള രണ്ട് ആൺ കുട്ടികളും ഉണ്ട്. ഇവരെയും വീട്ടിൽ നിന്നും ഇയാൾ ഇറക്കിവിട്ടു. സംഭവത്തിൽ യുവതിയും കുടുംബവും നൽകിയ പരാതിയിലാണ് നടപടി.
മുത്വലാഖിനെതിരെ സുപ്രീംകോടതി തന്നെ രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്രസർക്കാർ നിയമവും പാസ്സാക്കിയിട്ടുണ്ട്. ഇതെല്ലാം നിലനിൽക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.
















Comments