ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കഴിഞ്ഞ എട്ട് വർഷത്തിനിടെ വികസനത്തിന് ചെലവഴിച്ചത് 91 ലക്ഷം കോടി രൂപ. ദരിദ്രർക്കുള്ള ഭക്ഷണം, ഇന്ധനം, വളം സബ്സിഡി തുടങ്ങിയ വികസന ചെലവുകൾക്കായാണ് ഇത്രയും തുക ചെലവഴിച്ചതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. യുപിഎ സർക്കാർ 10 വർഷത്തിനിടെ ചെലവഴിച്ചത് 49.2 ലക്ഷം കോടിയായിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുബോൾ 85 ശതമാനം കൂടുതൽ തുകയാണ് എൻഡിഎ ഭരണത്തിൽ ചെലവഴിച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ചെലവ് കണക്കുകൾ പ്രകാരം 2014-22ൽ മോദി സർക്കാർ നടത്തിയ മൊത്തം വികസനച്ചെലവ് 90.9 ലക്ഷം കോടി രൂപയായിരുന്നു. മൻമോഹൻ സർക്കാർ 2004-14 കാലഘട്ടത്തിൽ 49.2 ലക്ഷം കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് ധനമന്ത്രി നിർമല സീതാരാമന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.
കേന്ദ്രസർക്കാർ ജനങ്ങളുടെമേൽ വൻതോതിലുള്ള ഇന്ധനനികുതി ചുമത്തിയെന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരത്തിന്റെ ട്വീറ്റ് തള്ളിയാണ് ധനമന്ത്രാലയം രംഗത്തെത്തിയത്. മുൻ കേന്ദ്രമന്ത്രി ചിദംബരം ഒരു ട്വീറ്റിൽ പറഞ്ഞത് ഇതായിരുന്നു ”മോദി സർക്കാരിന്റെ എട്ട്‌വർഷത്തെ കാലയളവിൽ കേന്ദ്ര സർക്കാർ ഇന്ധന നികുതിയായി 26,51,919 കോടി രൂപ പിരിച്ചെടുത്തു. ഇന്ത്യയിൽ ഏകദേശം 26 കോടി കുടുംബങ്ങളുണ്ട്, അതായത് എല്ലാ കുടുംബങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിരിച്ചെടുത്തു. ഇന്ധന നികുതിയായി ശരാശരി 100,000 രൂപ!”
ഇത്രയും വലിയ തുക ഇന്ധന നികുതിയായി അടച്ചതിന് ഒരു ശരാശരി കുടുംബത്തിന് എന്താണ് ലഭിച്ചതെന്നും അദ്ദേഹം ചേദിച്ചു. ഭക്ഷണം, ഇന്ധനം, വളം സബ്സിഡി, കൊറോണ പ്രതിരോധം, ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വാക്സിനേഷൻ യജ്ഞം എന്നിവയ്‌ക്ക് വേണ്ടിയാണ് നികുതി വരുമാനം ചെലവഴിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
”മോദി സർക്കാർ ഭക്ഷ്യം, ഇന്ധനം, വളം സബ്സിഡികൾക്കായി ഇതുവരെ ചെലവഴിച്ചത് 24.85 ലക്ഷം കോടിയും മൂലധന സൃഷ്ടിക്കായി 26.3 ലക്ഷം കോടിയുംആണ്. യുപിഎയുടെ 10 വർഷത്തെ കാലയളവിൽ 13.9 ലക്ഷം കോടി രൂപ മാത്രമാണ് സബ്സിഡികൾക്കായി ചെലവഴിച്ചത്,” സീതാരാമന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.
ഉയർന്നുവരുന്ന ഇന്ധനവിലയുടെ ബാധ്യതകൾ മുൻകൂറായി കൈകാര്യം ചെയ്യുന്നതിനുപകരം ഭാവിയിലെ സർക്കാരിന് കൈകാര്യം ചെയ്യുന്നതിനായി മാറ്റിവയ്‌ക്കുകയായിരുന്നു യുപിഎ സർക്കാരിന്റെ നയം. എന്നാൽ മോദി സർക്കാർ യുപിഎ ഭരണത്തിൽ ഇഷ്യൂ ചെയ്ത വലിയ തുകയ്‌ക്കുളള എണ്ണ ബോണ്ടുകൾക്കും പണം നൽകുന്നു. ഖജനാവിന്മേൽ ഈ ഭാരം 2026 വരെ തുടരുമെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
യുപിഎ കാലത്തെ ഓയിൽ ബോണ്ടുകൾ തിരിച്ചടയ്‌ക്കാൻ മോദി സർക്കാർ 93,685.68 കോടി രൂപ ചെലവഴിച്ചു. കൂടാതെ 2026ഓടെ 1.48 ലക്ഷം കോടി രൂപ അധികമായി നൽകുമെന്നും ധനമന്ത്രിയുടെ ഓഫീസ് ട്വീറ്റിൽ പറഞ്ഞു. ആർബിഐയുടെ കണക്കനുസരിച്ച് 2014-22 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ മൊത്തം വികസനച്ചെലവ് 90,89,233 കോടി രൂപയായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഉൽപ്പാദന ആസ്തികൾ സൃഷ്ടിക്കുന്നതിനുമുള്ള മൂലധനച്ചെലവിന്റെ രൂപത്തിൽ 26 ലക്ഷം കോടി രൂപയും, ഭക്ഷണം, വളം, ഇന്ധന സബ്സിഡികൾ എന്നിവയ്‌ക്കായി 25 ലക്ഷം കോടി രൂപയും ആരോഗ്യം, വിദ്യാഭ്യാസം, ഭവനം തുടങ്ങിയ സാമൂഹിക സേവനങ്ങൾക്കായി 10 ലക്ഷം കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.
Comments