മുംബൈ: ട്രക്കിൽ കയറ്റിക്കൊണ്ടുപോകവേ 20 ഇലക്ട്രിക് സ്‌കൂട്ടറുകൾ കത്തി നശിച്ചു. നാസിക്കിലെ വാഹന നിർമ്മാണ ഫാക്ടറിക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. മഹാരാഷ്‌ട്രയിലെ ജിതേന്ദ്ര ഇവിയിൽ നിന്നും ബെംഗളൂരുവിലേയ്‌ക്ക് കൊണ്ടുപോകുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.
40 സ്‌കൂട്ടറുകളാണ് ട്രക്കിലുണ്ടായിരുന്നത്. ഇതിൽ 20 സ്‌കൂട്ടറുകൾ പൂർണമായും കത്തിനശിച്ചുവെന്നും, ബാക്കിയുള്ളവയിൽ ചിലതിന് കേടുപാടുകളുണ്ടായിട്ടുണ്ടെന്നും അഗ്നിശമന സേന അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കിടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിക്കുന്ന അഞ്ചാമത്തെ സംഭവമാണിത്.
മാർച്ച് 26ന് പൂനെയിൽ ഒല എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചിരുന്നു. തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിൽ ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. മാർച്ച് 28ന് തമിഴ്നാട്ടിലും, മാർച്ച് 29ന് ചെന്നൈയിലും സമാന രീതിയിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിച്ചിരുന്നു.
ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ തീപിടിത്തം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികളുടെയും അനുബന്ധ സംവിധാനങ്ങളുടെയും ഗുണനിലവാരമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.















