ആര്യൻ ഖാൻ കേസ് അന്വേഷിച്ച രണ്ട് എൻസിബി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Published by
Janam Web Desk

മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരായ രണ്ട് പേരെ എൻസിബി സസ്‌പെൻഡ് ചെയ്തു. നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ക്രൂയിസ് കപ്പലിലെ ലഹരിപാർട്ടി കേസുൾപ്പെടെ അന്വേഷിച്ച ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എൻസിബിയുടെ നീക്കം.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരായ വിശ്വ വിജയ് സിംഗ്, ആശിഷ് രഞ്ജൻ പ്രസാദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. എൻസിബിയുടെ വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും സംശയാസ്പദമായ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയത്. എന്നാൽ സസ്‌പെൻഷനിലേക്ക് നയിച്ചതിന്റെ വ്യക്തമായ കാരണം എൻസിബി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലഹരിപാർട്ടി കേസുമായി ബന്ധപ്പെട്ട കാര്യത്തിലാണോ ഇരുവരെയും സസ്‌പെൻഡ് ചെയ്തതെന്നും വ്യക്തമല്ല.

എൻസിബി സംഘത്തിനെതിരെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ക്രൂയിസ് കപ്പലിലെ ലഹരിപാർട്ടി ഉൾപ്പെടെ അഞ്ച് കേസുകൾ എൻസിബിയുടെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് മുംബൈയിലെ ഇന്റർനാഷണൽ ക്രൂയിസ് ടെർമിനലിൽ നടത്തിയ പരിശോധനയിലാണ് ആര്യൻ ഖാനെ എൻസിബി അറസ്റ്റ് ചെയ്തത്. റെയ്ഡിനിടെ 13 ഗ്രാം കൊക്കെയ്ൻ, അഞ്ച് ഗ്രാം മെഫെഡ്രോൺ, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികകൾ എന്നിവയും പിടിച്ചെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ആകെ 20 പേരാണ് അറസ്റ്റിലായത്. ഇതിൽ ആര്യൻ ഖാൻ ഉൾപ്പെടെ 18 പേർ ജാമ്യത്തിലാണ്.

Share
Leave a Comment