ബെയ്ജിങ്: ചൈനയിൽ കൊറോണ വ്യാപനം കൂടുന്നു. രാജ്യത്തെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിൽ 27,000 കൊറോണ രോഗികളാണ് വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഇതുവരെ രേഖപ്പെടുത്തിയതിലെ റെക്കോർഡ് വർധനയാണിത്. ഇവയിൽ 2,573 പേർക്കും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല.
അതേസമയം രാജ്യത്ത് വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനായി സ്വീകരിച്ച മാർഗ നിർദേശങ്ങൾ ജനങ്ങൾ നിർബന്ധമായും പിന്തുടരണമന്ന് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു.
ചൈനയിലാകെ 29,317 പോസിറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ വ്യാപനമുള്ള ഷാങ്ഹായിയിൽ ജനങ്ങളെ മുഴുവൻ ലോക്ക്ഡൗണിലാക്കിയാണ് പ്രതിരോധ നടപടികൾ പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി ഷാങ്ഹായിയിൽ തുടരുന്ന ലോക്ക്ഡൗണിൽ അകപ്പെട്ട് 25 ദശലക്ഷത്തോളം ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് വിവരം.
ലോക്ക്ഡൗണിന്റെ പേരിൽ അങ്ങേയറ്റം മനുഷ്യത്വരഹിതമായ കാര്യങ്ങളും രാജ്യത്ത് സംഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലഭിക്കാതെ ഷാങ്ഹായിയിലെ ഭൂരിഭാഗം ജനങ്ങളും വലയുകയാണ്. വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി പേർക്ക് ജീവിക്കാൻ മാർഗമില്ലാതായതിനാൽ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. ഭക്ഷണം ലഭിക്കാനായി പലരും തങ്ങളെ ജയിലിലടക്കാൻ ആവശ്യപ്പെടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
Comments