മുംബൈ: ഹാർദിക് പാണ്ഡ്യ യഥാർഥ നായകന്റെ പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 37 റൺസിന്റെ ജയം. 20 ഓവറിൽ ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുത്തു. എന്നാൽ രാജസ്ഥാന്റെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിന് അവസാനിച്ചു. ടോസ് നേടിയ രാജസ്ഥാൻ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഓപ്പണർ മാത്യു വെയ്ഡ് തുടക്കം ആഞ്ഞടിച്ചെങ്കിലും പെട്ടെന്ന് പുറത്തായി. ആറ് പന്തിൽ 12 റൺസ് ആയിരുന്നു വെയ്ഡിന്റെ സമ്പാദ്യം.
ശുഭ്മാൻ ഗിൽ(13) അധികനേരം ക്രീസിൽ നിലയുറപ്പിച്ചില്ല. മുന്നാമനായി ഇറങ്ങിയ വിജയ് ശങ്കർ(2)അധികം നേരം പിടിച്ചുനിൽക്കാനാകാതെ ക്ഷണത്തിൽ പുറത്തായി. എന്നാൽ നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും അഭിനവ് മനോഹർ കൂട്ടുകെട്ട് ഗുജറാത്ത് ടൈറ്റൻസിനെ കരകയറ്റി. ഇരുവരും ചേർന്ന് 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ക്യാപ്റ്റന് കൂട്ടായി ക്രീസിൽ നിലയുറപ്പിച്ച അഭിനവ് മനോഹർ 43 റൺസ് നേടി. 28 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉൾപ്പെടെയാണ് ഇത്രയും റൺസ് തികച്ചത്. പാണ്ഡ്യ 52 പന്തുകളിൽ 87 റൺസ് നേടി പുരത്താകാതെ നിന്നു. നാല് സിക്‌സറും എട്ട് ബൗണ്ടറിയും അടങ്ങുന്നതാണ് പാണ്ഡ്യയുടെ പ്രകടനം. ഒരു വിക്കറ്റും പാണ്ഡ്യ വീഴ്‌ത്തി.
ആറാമനായി എത്തിയ ഡേവിഡ് മില്ലർ അവസാന ഓവറിൽ തകർപ്പൻ അടികളിലൂടെ ടീമിന്റെ സ്‌കോർ ഉയർത്തി. കുൽദീപ് സെൻ എറിഞ്ഞ 19ാം ഓവറിൽ മില്ലർ മൂന്ന് ഫോറും ഒരു സിക്‌സറും അടിച്ചു. ആ ഓവറിൽ ആകെ 21 റൺസ് പിറന്നു.
മില്ലർ 14 പന്തിൽ 31 റൺസുമായി നോട്ടൗട്ടായി നിന്നു. അഞ്ച് ഫോറും ഒരു സിക്‌സറുമാണ് ദക്ഷിണാഫ്രിക്കൻ താരം വളരെ കുറച്ച് നേരം കൊണ്ട് അടിച്ചെടുത്തത്. വിജയത്തോടെ ടൂർണ്ണമെന്റിൽ അഞ്ച് കളിയിൽ നിന്നായി എട്ട് പോയിന്റുമായി ഗുജറാത്ത് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. രാജസ്ഥാനെ മറികടന്നാണ് ഗുജറാത്ത് മുന്നിലെത്തിയത്. ഇത്രയും കളിയിൽ നിന്ന് ആറ് പോയിന്റ് നേടിയ രാജസ്ഥാൻ മൂന്നാമതായി. കൊൽക്കത്തയാണ് രണ്ടാം സ്ഥാനത്ത്.
വലിയ വിജയലക്ഷ്യം പിന്തുടർന്ന റോയൽസിന് മികച്ച തുടക്കം ഓപ്പണർ ജോസ് ബട്ട്‌ലർ നൽകി. തുടക്കം മുതൽ ആഞ്ഞിടിച്ച ജോസ് ബട്ട്‌ലർ അർധ സെഞ്ച്വറി തികച്ചാണ് പുറത്തായത്. 24 പന്തുകൾ നേരിട്ട ഇംഗ്ലീഷ് ബാറ്റർ 54 റൺസ് നേടി. എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉൾപ്പെടുന്നതാണ് ബട്ട്‌ലറിന്റെ ഇന്നിങ്‌സ്. എന്നാൽ മറു ഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞു കൊണ്ടിരുന്നു.
ബട്ട്‌ലർക്കൊപ്പം ഓപ്പണിങിനിറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ ആദ്യ പന്തിൽ തന്നെ പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ(11) വേഗത്തിൽ പുറത്തായതും ടീമിന് വലിയ ക്ഷീണമായി. ഷിമ്രോൺ ഹെറ്റ്‌മെയർ(29), റിയാൻ പരാഗ്(18), ജയിംസ് നീഷാം(17) എന്നിവർ ചെറുത്ത് നിന്നുവെങ്കിലും ജയിക്കാൻ പര്യാപ്തമായിരുന്നില്ല. ഗുജറാത്തിന് വേണ്ടി ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം നേടി. മുഹമദ്ഷമി, ഹാർദിക് പാണ്ഡ്യ എന്നിവർ ഒരു വിക്കറ്റും നേടി.
Comments