കൊടുങ്ങല്ലൂർ: പണയത്തിലിരുന്ന ആധാരം വായ്പാ കുടിശിക തീർത്ത് തിരിച്ചെടുത്ത് നൽകിയതിന് നന്ദി പറയാനെത്തിയ അമ്മയുടെ കാല് തൊട്ട് വണങ്ങി കൈനീട്ടം നൽകി ചേർത്തുപിടിച്ച് സുരേഷ് ഗോപി. കഴിഞ്ഞ ആഴ്ച കൊടുങ്ങല്ലൂരിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
കൈനീട്ടം വിതരണം ചെയ്യുന്നതിനിടെ സുരേഷ് ഗോപിയുടെ കാല് തൊട്ട് വണങ്ങിയത് കഴിഞ്ഞ ദിവസം സിപിഎം വിവാദമാക്കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് കൈനീട്ടം നൽകിയ ശേഷം തന്നെ കാണാനെത്തിയ അമ്മയുടെ കാല് സുരേഷ് ഗോപി തൊട്ട് വണങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിക്കേഴ്സ് ഹാളിൽ നടത്തിയ വിഷു കൈനീട്ടം പരിപാടിയിലായിരുന്നു സംഭവം.
സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റ് ആയ സുശാന്ത് നിലമ്പൂർ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുരേഷ് ഗോപി കണ്ണംകുളങ്ങര സ്വദേശിനി പുഷ്പയെക്കുറിച്ച് അറിയാൻ ഇടയായത്. പുഷ്പ താമസിക്കുന്ന വീടിന്റെ ആധാരം പണയത്തിലായിരുന്നു. ഇളയ മകൻ മരിച്ചതോടെ ലോട്ടറി വിൽപ്പന തുടങ്ങിയ പുഷ്പയുടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ സുരേഷ് ഗോപി സഹായിക്കാൻ തയ്യാറായി മുന്നോട്ടുവരികയായിരുന്നു. പണയത്തിലിരുന്ന ആധാരം താരം തിരിച്ചെടുത്ത് നൽകി. ഇതിന് നന്ദി പറയാൻ കൂടിയാണ് പുഷ്പ കൊടുങ്ങല്ലൂരിലെ പരിപാടിക്ക് എത്തിയത്
സുരേഷ് ഗോപിയെ കണ്ട ഉടൻ കെട്ടിപ്പിടിച്ച് കരഞ്ഞ അമ്മയെ എംപി ചേർത്ത് നിർത്തി ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനൊടുവിലായിരുന്നു കൈ നീട്ടം നൽകിയ ശേഷം കാലിൽ തൊട്ട് വന്ദിച്ചത്. പിന്നീട് കണിക്കൊന്നയും കൊടുത്താണ് അമ്മയെ അദ്ദേഹം യാത്രയാക്കിയത്.
Comments