ലക്‌നൗ: ജീവിച്ചിരിക്കുന്നിടത്തോളം ബിജെപി പ്രവർത്തകയായി തുടരുമെന്ന് മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ്. യോഗി ആദിത്യനാഥ് വീണ്ടും യുപി മുഖ്യമന്ത്രിയായത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും അപർണ പറഞ്ഞു. യുപിയിലെ ഒറയ്യയിൽ ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഞാൻ ബിജെപിയിൽ ചേർന്നപ്പോൾ ചിലരെല്ലാം കൂടി യോഗി ആദിത്യനാഥിനെ ഗോരഖ്‌നാഥ് മഠത്തിലേക്ക് തിരിച്ചയയ്‌ക്കാൻ തയ്യാറെടുക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി വീണ്ടും യുപിയിൽ സർക്കാർ രൂപീകരിച്ചപ്പോൾ അവരെല്ലാം നിയമനടപടി നേരിടുന്ന സ്ഥിതിയാണെന്ന് അപർണ പറഞ്ഞു. മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ബിജെപി പാലിച്ചുകൊണ്ടിരിക്കുകയാണെന്നും അപർണ ചൂണ്ടിക്കാട്ടി.
മാഫിയകളെയും ക്രിമിനലുകളെയും വെറുതെ വിടില്ലെന്ന് ബിജെപി പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ ക്രിമിനലുകളെ പരമാവധി ശിക്ഷ ഉറപ്പാക്കി ജയിലിൽ അയയ്‌ക്കുന്നത് തുടരുകയാണ്.
എന്റെ ഞരമ്പുകളിൽ അവസാന തുളളി രക്തം ഓടുന്നതു വരെ ബിജെപിയിൽ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകഭാരത് ശ്രേഷ്ഠ ഭാരത് ലക്ഷ്യം ഉൾപ്പെടെ ദേശീയതയോടുളള പാർട്ടിയുടെ പ്രതിബദ്ധതയാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്നും അപർണ പറഞ്ഞു. ഇന്ത്യയെ ആത്മനിർഭരതയിലെത്തിക്കാനുളള പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അപർണ പറഞ്ഞു.
മുലായം സിംഗ് യാദവിന്റെ കുടുംബബന്ധം അല്ല ഉപേക്ഷിച്ചത്. താൻ ഒഴിവാക്കിയത് സമാജ് വാദി പാർട്ടിയെയാണ്. ദേശീയതയ്‌ക്ക് വേണ്ടിയാണ് അത് ഒഴിവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ താൻ വിശ്വസിക്കുകയാണെന്നും അപർണ കൂട്ടിച്ചേർത്തു.
Comments