പാലക്കാട്: കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ബുധനാഴ്ച വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോാ പാടില്ല.
ഇന്ത്യൻ ആംസ് ആക്ട് സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ എക്‌സ്‌പ്ലോസീവ് ആക്ട് 1884 സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ സ്‌ഫോടക വസ്തുക്കൾ കൈവശം വെയ്‌ക്കുകയോ, അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാക്കും വിധം സമൂഹത്തിൽ ഉഹാപോഹങ്ങൾ പരത്തുകയോ ചെയ്യുവാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. അവശ്യസേവനങ്ങൾക്കും മറ്റും ഉത്തരവ് ബാധകമല്ല.
അതേസമയം, കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാദ്ധ്യമങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. മതസ്പർധ ഉണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Comments