പാലക്കാട്: പാലക്കാട് മേലാമുറിയിൽ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളെന്ന് പോലീസ്. മൃതദേഹത്തിന്റെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളുമുണ്ട്. കാലിലും കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
ശ്രീനിവാസൻ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കടയിൽവെച്ചാണ് ആക്രമിക്കപ്പെടുന്നത്. കടയിൽ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയത് ആറംഗ സംഘമാണ്. ഒരു സ്‌കൂട്ടറിലും രണ്ട് ബൈക്കുകളിലുമായാണ് ഇവർ എത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മൂന്ന് പേരാണ് മാരകായുധങ്ങളുമായെത്തി ശ്രീനിവാസനെ വെട്ടുന്നത്. മൂന്ന് പേർ വാഹനത്തിൽ തന്നെ ഇരുന്നു. ശ്രീനിവാസനെ ആക്രമിച്ച ശേഷം മൂവരും തിരികെ വാഹനത്തിൽ കയറിയതോടെ സംഘം മടങ്ങി. രക്തം വാർന്നാണ് ശ്രീനിവാസൻ മരിക്കുന്നത്. ഇന്ന് ഉച്ചയ്‌ക്കാണ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ആശുപത്രിയിൽ വെച്ചാണ് ശ്രീനിവാസന്റെ മരണം സ്ഥിരീകരിക്കുന്നത്.
Comments