കാബൂൾ: അഫ്ഗാനിസ്താന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ പാകിസ്താന് മുന്നറിയിപ്പുമായി താലിബാൻ. അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ നടത്തിയ റോക്കറ്റ് ആക്രമണത്തെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്തൻ ശക്തമായി അപലപിക്കുന്നുവെന്ന് താലിബാൻ സർക്കാർ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.
ഇത് ക്രൂരകൃത്യമാണ്, അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള ശത്രുതയ്‌ക്ക് ഇത് കൂടുതൽ വഴിയൊരുക്കുന്നു. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ അഫ്ഗാൻ ഭരണകൂടം പരമാവധി ശ്രമിക്കുന്നുണ്ട്. യുദ്ധം ആരംഭിച്ചാൽ ഒരു പക്ഷത്തിനും ഗുണകരമാകില്ലെന്ന് പാകിസ്താൻ ഓർക്കണമെന്നും മേഖലയിൽ അസ്ഥിരതയുണ്ടാക്കുമെന്നും അഫ്ഗാൻ ഭരണകൂടം പറഞ്ഞു.
അതിർത്തിയിൽ സംഘർഷങ്ങൾ ഉടലെടുത്തതിന് പിന്നാലെ ഖോസ്റ്റ്, കുനാർ എന്നീ അഫ്ഗാൻ പ്രവിശ്യകളിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും മരിച്ചിരുന്നു. മുപ്പതോളം പേർ കൊല്ലപ്പെട്ടതായി കരുതുന്ന ആക്രമണത്തിൽ അഞ്ച് കുട്ടികൾ മരിച്ചതായാണ് വിവരം. പാകിസ്താന്റെ സൈനിക വിമാനമാണ് ആക്രമണം നടത്തിയതെന്നാണ് അഫ്ഗാൻ മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന വിവരം. ഇതിന് പിന്നാലെയാണ് പാകിസ്താന് മുന്നറിയിപ്പുമായി താലിബാൻ എത്തിയത്.
കഴിഞ്ഞ വർഷം അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള അതിർത്തി സംഘർഷം വർദ്ധിച്ചിരുന്നു. അഫ്ഗാനിൽ നിന്നും തീവ്രവാദ ഗ്രൂപ്പുകൾ ആക്രമണം നടത്തുന്നുണ്ടെന്നായിരുന്നു ഇസ്ലാമാബാദിന്റെ ആരോപണം. അതേസമയം പാക് തീവ്രവാദികൾക്ക് അഭയം നൽകുന്നുവെന്ന ആരോപണം നിഷേധിച്ച് താലിബാനും രംഗത്തെത്തി. ഏറ്റവും ഒടുവിൽ സാധാരണക്കാർ കൊല്ലപ്പെട്ട റോക്കറ്റാക്രമണത്തിൽ പ്രതികരിക്കാൻ പാകിസ്താൻ ഇതുവരെ തയ്യാറായിട്ടില്ല. അഫ്ഗാന്റെ ജനവാസ മേഖലയിലേക്ക് കഴിഞ്ഞ ദിവസമായിരുന്നു ഡസൻ കണക്കിന് റോക്കറ്റുകൾ പതിച്ചത്. തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് പാക് സൈന്യം വിക്ഷേപിച്ച റോക്കറ്റുകളായിരുന്നു എന്നാണ് വിലയിരുത്തൽ.
















Comments