ന്യൂഡൽഹി : രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിനെ തകർച്ചയിൽ നിന്നും കരകയറ്റാൻ വേണ്ടി പ്രവർത്തിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത്. പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് പോകുമോ എന്നത് ചോദ്യചിഹ്നമായി ബാക്കി നിൽക്കെയാണ് രാഷ്‌ട്രീയ തന്ത്രജ്ഞൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. 2024 ലെ തിരഞ്ഞെടുപ്പിൽ പയറ്റാനുള്ള തന്ത്രങ്ങളും പ്രശാന്ത് കിഷോർ പാർട്ടി നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചു.
കോൺഗ്രസ് ഇന്ന് തകർച്ചയുടെ വക്കിലാണ്. അതിനാൽ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളുമായി നല്ല ബന്ധം സ്ഥാപിച്ചാൽ മാത്രമേ ഇനി കോൺഗ്രസിന് രക്ഷയുള്ളൂവെന്നാണ് പ്രശാന്ത് കിഷോർ നിർദ്ദേശിച്ചത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് നിർത്തണം എന്നതാണ് പ്രശാന്ത് കിഷോറിന്റെ പ്രധാന ഉപദേശം.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്‌ക്ക് മത്സരിച്ച കോൺഗ്രസ് വൻ തോൽവിയാണ് നേരിട്ടത്. അതിനാൽ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ പാർട്ടി സഖ്യമുണ്ടാക്കണം. അതേസമയം ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ എന്നിവിടങ്ങളിൽ പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കണമെന്നും പ്രശാന്ത് കിഷോർ നിർദ്ദേശിച്ചു. ഈ മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടിയുടെ പ്രവർത്തനം പുതിയ രീതിയിൽ ആരംഭിക്കണം. രാജസ്ഥാനിൽ പാർട്ടി പ്രവർത്തകർക്ക് ഊർജ്ജമേകാൻ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എല്ലാ വിവരങ്ങളും ഒരാഴ്ചയ്‌ക്കുള്ളിൽ ലഭിക്കുമെന്നാണ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചത്. പാർട്ടിയിൽ ചേരണോ വേണ്ടയോ എന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രശാന്ത് കിഷോർ തന്നെയാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
Comments