മുംബൈ: എല്ലാ കൈവിട്ടു പോയെന്ന് ഗുജറാത്ത് ടൈറ്റൻസ് കരുതിയ നേരത്താണ് രക്ഷകനായി ഡോവിഡ് മില്ലർ അവതരിച്ചത്. അവസാനം വരെ അപരാജിതനായി നിന്ന് ജയം സ്വന്തമാക്കിയ ശേഷമാണ് ഈ ദക്ഷിണാഫ്രിക്കൻ താരം മൈതാനം വിട്ടത്. ഈ എപിഎൽ സീസൺ കണ്ട ഏറ്റവും ധീരോദാത്തമായ പ്രകടനമാണ് മില്ലർ കാഴ്‌ച്ചവച്ചത്. മില്ലറുടെ പ്രകടനത്തിന്റെ മികവിൽ ഗുജറാത്ത് മൂന്ന് വിക്കറ്റിന്റെ വിജയം പിടിച്ചെടുത്തു. 51 പന്തുകൾ നേരിട്ട മില്ലർ 94 റണ്ണുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ടോസ് നേടിയ ഗുജറാത്ത് എതിർ ടീമിനെ ബാറ്റിങിന് അയച്ചു. ഓപ്പണർ രുതുരാജ് ഗെയ്ക്വാദിന്റെ വെടിക്കെട്ട് പ്രകടനമാണ് ടീമിന് മാന്യമായ സ്‌കോർ നേടാൻ ചെന്നൈയെ സഹായിച്ചത്. 48 പന്തുകൾ നേരിട്ട ഗെയ്ക്വാദ് അഞ്ച് വീതം ബൗണ്ടറികളും സിക്‌സറുകളും നേടി. എന്നാൽ റോബിൻ ഉത്തപ്പ(3), മൊയീൻ അലി(1) എന്നിവർ വേഗം ക്രീസ് വിട്ടത് മഞ്ഞകുപ്പായക്കാർക്ക് തിരിച്ചടിയായി.
നാലാമനായി എത്തിയ അമ്പാട്ടി റായുഡു ഗെയ്ക്‌വാദിന് മികച്ച പിന്തുണ നൽകി. ഇരുവരും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 92 റൺസെടുത്തു. റായുഡു 31 പന്തിൽ 46 റൺസ് നേടി. രണ്ട് സിക്‌സറുകളും നാല് ബൗണ്ടറിയുമായിരുന്നു ബാറ്റിൽ നിന്ന് ഉതിർന്നത്. ഇരുവരും പുറത്തായതോടെ റണ്ണൊഴുകിന്റെ വേഗത കുറഞ്ഞു. ശിവം ദുബെ(19), രവീന്ദ്ര ജഡേജ(22) എന്നിവരുടെ ചെറുത്ത് നിൽപ്പാണ് ടീമിനെ 150 കടത്തിയത്. ജഡേജ 12 പന്തിൽ രണ്ട് സിക്‌സറുകൾ പറത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗ തകർച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണർ ശുഭ്മാൻ ഗിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. മുകേഷ് ചൗധരിയുടെ പന്തിൽ ഉത്തപ്പ പിടിച്ചു പുറത്താക്കുകയായിരുന്നു. അപ്പോൾ ഒരു റൺ മാത്രമായിരുന്നു സ്‌കോർബോർഡിൽ. തുടർന്ന് വന്ന വിജയ് ശങ്കറും റണ്ണൊന്നും എടുക്കാതെ പുറത്തായി. 2 വിക്കറ്റ് നഷ്ടത്തിൽ രണ്ട് റൺസായിരുന്നു ഗുജറാത്തിന്റെ സ്‌കോർ.
അഭിനവ് മനോഹർ(12) ആയിരുന്നു അടുത്ത ഇര. വൃദ്ധിമാൻ സാഹയ്‌ക്കും(11) അധിക നേരം ക്രീസിൽ നിലയുറപ്പിക്കാനായില്ല. ആറാമനായി ഇറങ്ങിയ രാഹുൽ തേവാട്ടിയ(6) വേഗം മടങ്ങി. വിക്കറ്റുകൾ ഒരു ഭാഗത്ത് കൊഴിഞ്ഞു കൊണ്ടിരിക്കുമ്പോഴും മില്ലർ ഒരറ്റത്ത് ധീരമായി പോരാടി. ആറ് സിക്‌സറും എട്ട് ബൗണ്ടറിയുമാണ് ഈ മനോഹരമായ ഇന്നിങ്‌സിൽ അടിച്ചു കൂട്ടിയത്. ഏഴാമനായി ഇറങ്ങിയ അഫ്ഗാൻ താരം റാഷിദ് ഖാൻ ആണ് കളിയുടെ ഗതി മാറ്റിയത്. അത് വരെ ഏകനായി പൊരുതിയ മില്ലറിന് ഖാൻ മികച്ച പിന്തുണ നൽകി.
ആറാം വിക്കറ്റിൽ ഇരുവരും 70 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. 21 പന്തിൽ 40 റൺസ് നേടിയാണ് റാഷിദ്ഖാൻ തന്റെ വീരോചിതമായ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ക്രിസ് ജോർഡൻ എറിഞ്ഞ 18ാം ഓവറിൽ റാഷിദ് ഖാൻ മൂന്ന് സിക്‌സറും ഒരു ഫോറും ഉൾപ്പെടെ 23 റൺസെടുത്തു. ആ ഓവറിൽ ആകെ 25 റൺസ് പിറന്നു. അതോടെ കളി ഗുജറാത്തിന്റെ വരുതിയിൽ വന്നു.
അവസാന ഓവറിൽ 13 റൺസാണ് ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഒരു പന്ത് അവശേഷിക്കെ മില്ലർ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ ആറ് കളിയിൽ നിന്നായി ഗുജറാത്ത് 10 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇത്രയു കളിയിൽ നിന്ന് വെറും രണ്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ചെന്നൈ. മില്ലർ ആണ് കളിയിലെ താരം.
Comments