കാസർകോട് : പോലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്ത് പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതി. പതിമൂന്നാം പ്രതിയും സിപിഎം നേതാവുമായ കെ മണികണ്ഠൻ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അതേസമയം അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളന പരിപാടി പ്രതിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച പോലീസ് നടപടി വിവാദത്തിലായി.
34ാമത് ജില്ലാ സമ്മേളനം ഏപ്രിൽ 30നാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കുന്നിൽ സംഘടിപ്പിച്ച ഫുട്‌ബോൾ മത്സരം ആണ് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷനുമായ മണികണ്ഠൻ ഉദ്ഘാടനം ചെയ്തത്. കൊലപാതക കേസിൽ തെളിവുനശിപ്പിക്കൽ അടക്കമുള്ള ഗുരുതര കുറ്റകൃത്യം മണികണ്ഠൻ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ അടക്കം പറയുന്നത്. ഈ സാഹചര്യത്തിൽ പോലീസ് അസോസിയേഷന്റെ പരിപാടിയിൽ കൊലക്കേസ് പ്രതിയെ പങ്കെടുപ്പിച്ചതിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ സംഭവം വിവാദമാക്കേണ്ട കാര്യമല്ലെന്നും ജനപ്രതിനിധി എന്ന നിലയ്‌ക്കാണ് മണികണ്ഠനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നുമാണ് പോലീസ് അസോസിയേഷൻ നൽകുന്ന വിശദീകരണം. എന്നാൽ നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട പോലീസ് സംവിധാനം പൂർണമായും സിപിഎമ്മിന്റെ കീഴിലേക്ക് എത്തിയതിന്റെ സൂചനയാണ് ഇത്തരം സംഭവം എന്നാണ് ബിജെപിയും കോൺഗ്രസും ആരോപിക്കുന്നത്.
















Comments