പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. കൊലപാതകത്തിൽ പങ്കെടുത്ത ഒരാളുടെ സഹോദരനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ പ്രതികൾ ഉപയോഗിച്ച സ്‌കൂട്ടറും ബൈക്കും പോലീസ് പിടിച്ചെടുത്തു. അന്വേഷണ പുരോഗതി അറിയിക്കാൻ എഡിജിപി വിജയ് സാഖറെ മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ കാണും.
കൊലപാതക കേസുകളിൽ കസ്റ്റഡിയിലുള്ളവരുടെ ഫോൺ രേഖകൾ പരിശോധിക്കുന്നുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസിന്റെ പരിശോധന തുടരുന്നത്. പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്. കണ്ടാലറിയാവുന്ന ആറ് പേരാണ് കൊലപാതകം നടത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ രാഷ്‌ട്രീയ വൈരാഗ്യം തീർക്കുന്നതിനായി ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊല്ലുകയായിരുന്നു. ശ്രീനിവാസിന്റെ സംസ്‌കാരം ഇന്നലെ വൈകുന്നേരം കറുകോടി ശ്മശാനത്തിൽ നടന്നു.
ശനിയാഴ്ച ഉച്ചയ്‌ക്കാണ് എസ്ഡിപിഐ പ്രവർത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. ആറ് പേരായിരുന്നു അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. വാളുകളുമായി എത്തിയ മൂന്ന് പേർ കടയ്‌ക്ക് അകത്ത് നിൽക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശ്രീനിവാസനെ ആക്രമിക്കാൻ ബൈക്കിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ശരീരത്തിലാകെ പത്തിലധികം മുറിവുകൾ സംഭവിച്ചതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.
















Comments