പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികൾ ഉപയോഗിച്ച ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്തു. ചിറ്റൂർ, പട്ടംചേരി സ്വദേശി അനിതയുടെ പേരിലാണ് ബൈക്കുള്ളതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. രണ്ട് വർഷം മുൻപ് ബൈക്ക് പാലക്കാട് നഗരത്തിലുള്ള റഷീദ് എന്നയാൾക്ക് പണയം വെയ്‌ക്കുകയായിരുന്നുവെന്ന് അനിത അറിയിച്ചു. KL 46 K 5724 എന്ന വാഹനമാണ് പ്രതികൾ ഉപയോഗിച്ചത്.
കൊലയാളികളുടെ കൈയ്യിൽ വാഹനം എത്തിയത് എങ്ങനെയാണെന്ന് അറിയില്ല. കുഞ്ഞിന് അസുഖം വന്നപ്പോൾ 7000 രൂപയ്‌ക്കാണ് വാഹനം പണയം വെച്ചതെന്നും അനിത വ്യക്തമാക്കി. തവണ തെറ്റിയപ്പോൾ വാഹനം തിരിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയാവുകയായിരുന്നു. റഷീദ് വാഹനം മറ്റൊരാൾക്ക് വാടകയ്‌ക്ക് കൊടുത്തു. അയാൾ മറ്റൊരാൾക്ക് കൊടുത്തുവെന്നും നാല് കൈമാറ്റം അവിടുന്ന് കഴിഞ്ഞാണ് കൊലയാളികളുടെ കൈകളിൽ വാഹനം എത്തിയതെന്നും അനിതയുടെ ഭർത്താവ് പറഞ്ഞു.
മൂന്ന് വാഹനങ്ങളിലായി ആറ് പേരടങ്ങുന്ന സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്. ഇതിൽ ഒരു വാഹനം അനിതയുടേതാണ്. ആർസി മാത്രമാണ് ഇപ്പോൾ തന്റെ പേരിലുള്ളതെന്നും ബൈക്ക് ഉപയോഗിക്കുന്നത് ആരാണെന്ന് അറിയില്ലെന്നും അനിത പോലീസിന് മൊഴി നൽകി. സംഭവത്തിൽ എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം സിസിടിവിയും ഫോൺ വിശദാംശങ്ങളും കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ദൃക്‌സാക്ഷികളിൽ നിന്നും കാര്യമായ വിവരങ്ങൾ ലഭിക്കാത്തതാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ശ്രീനിവാസിന്റെ കൊലപാതകം വിദഗ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
















Comments