തിരുവനന്തപുരം: ചെയർമാന്റെ ഉത്തരവ് മറികടന്ന് സമരക്കാർ ഇന്ന് വൈദ്യുതി ഭവൻ വളയും. സമരം വിലക്കിക്കൊണ്ട് ബോർഡ് ചെയർമാൻ ഉത്തരവിറക്കിയെങ്കിലും ഇത് അനുസരിക്കേണ്ടതില്ലെന്നാണ് ഓഫീസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ആയിരം പേരോളം പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. സമരം തീർക്കാനുള്ള ഉത്തരവാദിത്തം മാനേജ്‌മെന്റിനാണെന്നും സമരക്കാർ പറയുന്നു.
സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.ഇ.ബി യിലെ ഇടത് സംഘടനയുടെ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ഭവൻ വളയുമെന്ന് സമരക്കാർ പ്രഖ്യാപിച്ചത്. സമരം വിലക്കി ചെയർമാൻ ഇറക്കിയ ഉത്തരവിൽ സമരത്തിന്റെ ഭാഗമായാൽ അച്ചടക്ക നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പുണ്ട്.
എന്നാൽ മന്ത്രി കെ. കൃഷ്ണൻ കുട്ടി ഇന്ന് വിളിച്ച യോഗത്തിൽ സംഘടനാ നേതാക്കൾ പങ്കെടുക്കും. സമരം രമ്യമായി പരിഹരിക്കുക എന്ന ആവശ്യം മാത്രമാണ് തങ്ങൾക്കുള്ളതെന്ന നിലപാടിലാണ് ഇടത് സംഘടന. അതിനിടെ ഒരു ഭാഗത്ത് മന്ത്രി ചർച്ചയ്‌ക്ക് വിളിക്കുമ്പോൾ മറുഭാഗത്ത് ചെയർമാൻ സമരക്കാരെ പ്രകോപിപ്പിക്കുന്നത് വകുപ്പിനെതിരായ വിമർശനമായി മുന്നണിയിൽ ഉയരുന്നുണ്ട്
Comments