ദിസ്പുർ: കള്ളന്മാർ അടുക്കാത്ത ഇലക്ട്രിക് സൈക്കിൾ നിർമ്മിച്ച് അസമിൽ നിന്നുള്ള കൗമാരക്കാരൻ. കരിംഗഞ്ച് സ്വദേശിയായ സാമ്രാട്ട് നാഥാണ് ഇ-സൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 60 കിലോമീറ്റർ ദൂരം താണ്ടാനും സൈക്കിളിന് സാധിക്കും. കള്ളന്മാരെ കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക സെൻസറുകളും, ട്രാക്കിംഗ് സംവിധാനവും സൈക്കിളിൽ ഘടിപ്പിച്ചിട്ടുണ്ട്.
‘പഴയ ലാപ്‌ടോപുകളിൽ നിന്നും പുനർനിർമ്മിച്ചെടുത്ത ലിഥിയം-അയൺ ബാറ്ററികളാണ് സൈക്കിളിൽ ഘടിപ്പിച്ചിരിക്കുന്നത്. സൈക്കിളിന്റെ ഉടമസ്ഥനൊഴികെ ആര് അതിൽ തൊട്ടാലും, ഉടമയുടെ ഫോണിൽ ഒരു സന്ദേശം ലഭിക്കുകയും സൈക്കിളിലുള്ള തെഫ്റ്റ് അലാറം മുഴങ്ങുകയും ചെയ്യും. ഒറ്റ ചാർജിൽ 60 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സൈക്കിളിന് സാധിക്കും. 40 കിലോമീറ്ററാണ് ഇ-സൈക്കിളിന്റെ പരമാവധി വേഗത’ നാഥ് പറയുന്നു.
സൈക്കിളിൽ ഘടിപ്പിച്ചിരിക്കുന്ന ലൈവ് ലോക്കേഷൻ സംവിധാനം വഴി സൈക്കിൾ സഞ്ചരിച്ച വഴികളും തിരിച്ചറിയാൻ സാധിക്കും. കൂടാതെ, റിമോട്ട് കൺട്രോളിംഗ് സംവിധാനവും സൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അസം റൈഫിൾസ് ഐടിഐയിലെ ടെക്‌നോളജി വിദ്യാർത്ഥിയാണ് നാഥ്. നാല് വർഷം കൊണ്ടാണ് സൈക്കിളിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്നും, ഇത് തന്റെ ബാല്യകാല സ്വപ്‌നമായിരുന്നുവെന്നും നാഥ് കൂട്ടിച്ചേർത്തു.















