തിരുവനന്തപുരം; കെഎസ്ഇബിയിൽ വിലക്ക് ലംഘിച്ച് സമരം ചെയ്തിന് നടപടി നേരിട്ട യൂണിയൻ നേതാവിന് വൻ തുക പിഴയിട്ടു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന അദ്ധ്യക്ഷൻ എംജി സുരേഷ് കുമാറിനാണ് കെഎസ്ഇബി 6,72,560 രൂപ പിഴയിട്ടത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എം.എം.മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോൾ കെ എസ് ഇ ബി ബോർഡ് വാഹനം വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് പിഴ . 6,72,560 രൂപ അടയ്‌ക്കണമെന്ന് കാണിച്ചാണ് കെ എസ് ഇ ബി ചെയർമാൻ നോട്ടീസ് അയച്ചിരിക്കുന്നത്.
21 ദിവസത്തിനുള്ളിൽ പിഴയൊടുക്കണമെന്നാണ് നിർദ്ദേശം. പ്രതികാര നടപടി ഉണ്ടാകില്ലെന്ന മന്ത്രിയുടെ ഉറപ്പിന് പിന്നാലെയാണ് പിഴ നോട്ടീസ്.10 ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ 12 ഗഡുക്കളായി ശമ്പളത്തിൽ നിന്ന് പിടിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. വൈദുതിഭവൻ വളയൽ സമരം നടന്ന ദിവസമാണ് നോട്ടീസിറങ്ങിയത്. എന്നാൽ, നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സുരേഷ് കുമാർ പറയുന്നു. ആക്ഷേപം അസംബന്ധമാണെന്നും സുരേഷ് കുമാർ ആരോപിച്ചു.
നേരത്തെ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും സ്ത്രീത്വത്തെ അവഹോളിച്ചുവെന്ന അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ച് സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.സുരേഷ് നടപടിയെ ചോദ്യം ചെയ്തതിന് പിന്നാലെ സസ്‌പെൻഷൻ പിൻവലിച്ചിരുന്നു.
















Comments