ബൂട്ടിട്ട പോലീസുകാരന്റെ ചവിട്ട്; കിടപ്പാടം നഷ്ടപ്പെടുന്നവന് നേരെയുള്ള സർക്കാരിന്റെ മൂന്നാംകിട ഏകാധിപത്യമെന്ന് കെസിബിസി

Published by
Janam Web Desk

തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ നടത്തുന്ന സർക്കാർ ഇടപെടലുകളെ രൂക്ഷമായി വിമർശിച്ച് കെസിബിസി. കുടിയറക്കപ്പെടുന്ന എല്ലാവരുടെയും നെഞ്ചിലാണ് പോലീസിന്റെ ഈ ചവിട്ടെന്ന് കെസിബിസി മീഡിയ കമ്മീഷൻ പ്രതികരിച്ചു. ഇന്ന് കെ-റെയിൽ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരെ പോലീസുകാരൻ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കെസിബിസിയുടെ പ്രതികരണം.

ഒറ്റച്ചവിട്ടുകൊണ്ട് കെ റെയിലിനായി കേരളം മുഴുവൻ അളന്നെടുക്കാനാണ് സർക്കാരിന്റെ ശ്രമം. പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാൻ ജനങ്ങളെ തെരുവിൽ നേരിടുകയാണ് സർക്കാർ. ഇത് സർക്കാരിന്റെ അഹങ്കാരമാണെന്നും കെസിബിസി കുറ്റപ്പെടുത്തി.

സ്വന്തം പൗരൻമാരുടെ ആശങ്കകളോട് ഇത്രയധികം ധാർഷ്ട്യം കാണിക്കുന്നത് മൂന്നാംകിട ഏകാധിപത്യമാണെന്നും കെസിബിസി മീഡിയ കമ്മീഷൻ പറഞ്ഞു. തിരുവനന്തപുരം കണിയാപുരം കരിച്ചാറയിൽ ഇന്ന് സംഭവിച്ചത് അധികാരത്തിന്റെ അഹന്തയാണ്. വർഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലം സർക്കാർ ഏറ്റെടുത്ത് ഇറക്കിവിടുന്നതിനാലാണ് ജനങ്ങൾ ഇന്ന് തെരുവിലിറങ്ങിയത്. ആ ജനങ്ങളുടെ ആശങ്കകളോടാണ് സർക്കാർ ധാർഷ്ട്യം കാണിക്കുന്നതെന്നും കെസിബിസി മീഡിയ കമ്മീഷൻ പറഞ്ഞു.

കിടപ്പാടവും സ്വപ്നവും നഷ്ടമായി തെരുവിൽ നിലവിളിക്കുന്നവന്റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടുന്നത് ഫാസിസമാണ്. അപക്വമായ വികസന ആശയത്തിന്റെ മറവിൽ നിരവധി മനുഷ്യരുടെ വർഷങ്ങളുടെ അധ്വാനമാണ് തെരുവിലെറിയുന്നതെന്നും മീഡിയ കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം വിവാദമായതോടെ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം റൂറൽ എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Share
Leave a Comment