ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ വീണ്ടും ഭീകരാക്രമണം. സിആർപിഎഫ് സംഘം സഞ്ചരിച്ച കാറിന് നേരെ ഭീകരർ വെടിയുതിർത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
പുൽവാമയിലെ തെൻഗ്പുന മേഖലയിലാണ് ആക്രമണം ഉണ്ടായത്. പട്രോളിംഗിനായി പോകുന്ന സംഘത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ആക്രമിച്ച ഭീകരർക്കായുള്ള തെരച്ചിൽ സുരക്ഷാ സേന തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്നലെ രാവിലെയും സുരക്ഷാ സേന സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തിരുന്നു.
സിഐഎസ്എഫ് സഞ്ചരിച്ച ബസിന് നേരെയാണ് ഇന്നലെ രാവിലെ ആക്രമണം ഉണ്ടായത്. ഛദ്ദാം ക്യാമ്പിന് സമീപം ആയിരുന്നു സംഭവം. ഇതിൽ ഒരു ജവാൻ വീരമൃത്യുവരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രി വിവിധ ഭാഷാ തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു. നൗഗാം സെക്ടറിലായിരുന്നു സംഭവം. ഗുരുതര പരിക്കുകളോടെ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കശ്മീർ സന്ദർശിക്കാനിരിക്കെയാണ് തുടരെ ഭീകരാക്രമണങ്ങൾ ഉണ്ടാകുന്നത്. സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷാ സേന കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരർ ആക്രമണങ്ങൾ ആരംഭിച്ചത്. ഇന്നലെ സുൻജ്വാൻ , ബരമുള്ള എന്നിവിടങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്.
Comments