വയനാട്: എംപി എന്ന നിലയിലെ അവസാന ദിവസവും വയനാടിന് വേണ്ടി ശബ്ദമുയർത്തിയ സുരേഷ് ഗോപി എംപിയ്‌ക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന വക്താവും ബിജെപി വയനാട് ജില്ലാ സഹപ്രഭാരിയുമായ സന്ദീപ് വാര്യർ. വയനാട് സന്ദർശന വേളയിൽ വനവാസി ചികിത്സക്ക് അംഗീകാരം നൽകണമെന്നും വിദേശ സർവകലാശാലകളടക്കം ഈ ചികിത്സാ രീതിയും മരുന്നുകളും സ്വന്തമാക്കുന്നത് തടയണമെന്നും വനവാസി വൈദ്യന്മാർ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഏപ്രിൽ 30ന് കൊച്ചിയിൽ തുടർ ചർച്ചകൾ നടത്താൻ തീരുമാനമായതായി സുരേഷ് ഗോപി എംപി അറിയിച്ചു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് കുറിപ്പ്
ഇന്ന് എംപി എന്ന നിലയിൽ സുരേഷ് ഗോപിയുടെ ടേമിന്റെ അവസാന ദിവസമാണ്. ഇന്നത്തെ ദിവസവും കേരളത്തിലെ അടിസ്ഥാന ജനവിഭാഗത്തിന് വേണ്ടി സ്വയം സമർപ്പിതനായി അദ്ദേഹം.
വയനാട്ടിൽ സന്ദർശനം നടത്തിയപ്പോൾ വനവാസി വിഭാഗത്തിൽ തലമുറകളായി ചികിത്സ നടത്തുന്ന വൈദ്യന്മാരുടെ ഒരു സംഘം സുരേഷ് ഗോപി എംപിയെ കണ്ട് അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ബോധിപ്പിച്ചിരുന്നു. അദ്ദേഹം അത് പാർലമെന്റിൽ അവതരിപ്പിക്കുകയും ആയുഷ് വിഭാഗത്തിന്റെ മന്ത്രി സർബാനന്ദ സോനോവാളിന്റെ ശ്രദ്ധയിൽ കൊണ്ട് വരികയും ചെയ്തു.
പഞ്ചായത്ത് നൽകുന്ന ലൈസൻസിന്റെ പേരിൽ പോലും ചികിത്സ നടത്തുന്നവർ കേരളത്തിൽ ഉണ്ടെന്നിരിക്കെ പട്ടികവർഗ വിഭാഗത്തിലെ വൈദ്യൻമാർ തലമുറകളായി ആർജിച്ചെടുത്ത ചികിത്സാ രീതിയെ, മരുന്നുകളെ അംഗീകരിക്കാൻ നമ്മുടെ നാട് ഇപ്പോഴും തയ്യാറായിട്ടില്ല. കേരളത്തിലെ വനം വകുപ്പ് കാട്ടിൽ നിന്നും മരുന്ന് ശേഖരിക്കുന്നത് പോലും വിലക്കുന്നു. വനവാസി ചികിത്സക്ക് അംഗീകാരം നൽകണമെന്നും വിദേശ സർവകലാശാലകളടക്കം ഈ ചികിത്സാ രീതിയും മരുന്നുകളും സ്വന്തമാക്കുന്നത് തടയണമെന്നും വനവാസി വൈദ്യന്മാർ ആവശ്യപ്പെടുന്നു.
ഇന്ന് ഡൽഹിയിൽ വയനാട്ടിലെ കേളു വൈദ്യരും കൃഷ്ണൻ വൈദ്യരും രവി സുധനും അട്ടപ്പാടിയിലെ രംഗസ്വാമിയും, രാജേഷും ഉൾപ്പെടെയുള്ളവർ സുരേഷ് ഗോപി എംപിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് അവർ നേരിടുന്ന പ്രയാസങ്ങൾ ബോധിപ്പിച്ചു. ഏപ്രിൽ 30 ന് കൊച്ചിയിൽ തുടർ ചർച്ചകൾ നടത്താനും തീരുമാനമായി.
വയനാട്ടിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ സങ്കീർണമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സുരേഷ് ഗോപി എംപി നടത്തിയ പരിശ്രമങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക? എംപി എന്ന നിലയിൽ ആദ്യം അദ്ദേഹം പാർലമെന്റിൽ പ്രസംഗിച്ചതും കരിന്തണ്ടന്റെ ഓർമ്മകൾ സംരക്ഷിക്കപ്പെടണം എന്നായിരുന്നു. എംപി എന്ന നിലയിലെ അവസാന ദിവസവും വയനാടിന് വേണ്ടിയാണ് സുരേഷ് ഗോപി ശബ്ദിച്ചത്. ആ സന്ദർഭത്തിന് സാക്ഷിയാവാൻ ബിജെപി വയനാട് ജില്ലാ സഹപ്രഭാരി എന്ന നിലയിൽ സാധിച്ചു. നന്ദി സുരേഷേട്ടാ..
Comments