പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കൊലപാതകത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കേരളത്തിന്റെ ആഭ്യന്തര വകുപ്പിന് പ്രതികളെ പിടികൂടാൻ താൽപര്യമില്ലെന്നും കൊടും ക്രിമിനലുകൾക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് സംസ്ഥാനത്തെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ജയരാജൻ മുന്നണിയിലേക്ക് സ്വാഗതം ചെയ്യേണ്ടിയിരുന്നത് മുസ്ലീം ലീഗിനെയല്ല എസ്ഡിപിഐയെ ആയിരുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു. രാജ്യതാൽപര്യമില്ലാത്തവരാണ് പോപ്പുലർ ഫ്രണ്ടുകാർ. അവരെ സർക്കാർ മടിയിൽ വെച്ചു താലോലിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ പ്രതികരണം സ്ത്രീകളിൽ നിന്നുമുണ്ടാവും. കേരളത്തിലെ അമ്മമാർ തെരുവിൽ ഇറങ്ങേണ്ട സാഹചര്യമാണിപ്പോഴെന്നും ഈ പോക്ക് പോയാൽ സിൽവർ ലൈൻ കുറ്റി പിഴുതെറിയുന്നതു പോലെ കാലാവധി പൂർത്തിയാകും മുമ്പ് പിണറായി വിജയനെയും പിഴുതെറിയുമെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.
ശ്രീനിവാസ് കൊലക്കേസിൽ ഇതുവരെ 10 പേരാണ് പിടിയിലായിട്ടുള്ളതെന്ന് പോലീസ് പറയുന്നു. ഇതിൽ നാലുപേരുടെ അറസ്റ്റ് വ്യാഴാഴ്ചയും, ശംറുവാരത്തോട് മസ്ജിദ് ഇമാം ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് വെള്ളിയാഴ്ച രാത്രിയും രേഖപ്പെടുത്തി. ശേഷിക്കുന്ന മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഗൂഢാലോചനയിലും പ്രതികളെ രക്ഷപ്പെടാനും സഹായിച്ചവരാണ് പിടിയിലായ പത്ത് പേർ. എന്നാൽ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
















Comments